LiveTV

Live

Kerala

ഗ്രൂപ്പ് എ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും സംവരണം നടപ്പിലാക്കാന്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തീരുമാനം

ശ്രീ ചിത്രയിലെ നിയമനങ്ങളിലെ സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്നത് മീഡിയവണ്‍ ആണ്

ഗ്രൂപ്പ് എ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും സംവരണം നടപ്പിലാക്കാന്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തീരുമാനം

ഗ്രൂപ്പ് എ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും സംവരണം നടപ്പിലാക്കാന്‍ തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തീരുമാനിച്ചു. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയും ഗവേണിങ് കൌണ്‍സിലുമാണ് തീരുമാനമെടുത്തത്. ശ്രീ ചിത്രയിലെ നിയമനങ്ങളിലെ സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്നത് മീഡിയവണ്‍ ആണ്.

അധ്യാപകര്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ശ്രീ ചിത്രയിലെ പ്രധാന നിയമനങ്ങള്‍ നടക്കുന്ന കേഡറാണ് ഗ്രൂപ്പ് എ. ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനമായതിനാല്‍ ഗ്രൂപ്പ് എ യില്‍ സംവരണം നടപ്പാക്കുന്നതില്‍ നിന്ന് ശ്രീചിത്രക്ക് ഒഴിവുണ്ടെന്നായിരുന്നു അധികൃതരുടെ വാദം. സംവരണ നിഷേധത്തിനെതിരെ ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനകളുടെ സമീപിച്ചു. സംസ്ഥാന കമ്മീഷന്‍ സംവരണം നടപ്പാക്കാന്‍ ഉത്തരവിട്ടെങ്കിലും ശ്രീ ചിത്ര അംഗീകരിച്ചില്ല. സംവരണ പാലിക്കാത്ത പുതിയ നിയമന നീക്കം കേന്ദ്ര പട്ടിക വര്‍ഗ കമ്മീഷന്‍ തടഞ്ഞു. ദേശീയ പട്ടികജാതി കമ്മീഷന്‍ ശ്രീ ചിത്ര നേരിട്ട് സന്ദര്‍ശിച്ച് തെളിവെടുത്തു.

സി.പി.എം എം.പി കെ. സോമപ്രസാദും പട്ടികജാതി ക്ഷേമ സമിതി, വെല്‍ഫയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ സംവരണം ആവശ്യപ്പെട്ട് രംഗത്ത് വരുകയും ചെയ്തു. ഇതിനിടയിലാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഉറപ്പുവരുത്തി 2019 ജൂലൈയില്‍ കേന്ദ്ര നിയമം വരുന്നത്. ഇതോടെ സംവരണം നടപ്പാക്കാതെ തരമില്ലെതായി ശ്രീ ചിത്രക്ക്. തുടര്‍ന്ന് ജൂലൈയില്‍ ചേര്‍ന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയും കഴിഞ്ഞ ദിവസം ചേര്‍ന്ന് ഗവേണിങ് ബോഡിയും സംവരണം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രീചിത്രാ നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള നടപടികളും ആരംഭിച്ചു.

നീണ്ട നിയമപോരാട്ടങ്ങളും, പ്രക്ഷോഭങ്ങളും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തോടൊപ്പം കേന്ദ്ര നിയമം കൂടി വന്നതോടെ നിയമനങ്ങളില്‍ പൂര്‍ണ സംവരണമെന്ന ആവശ്യത്തിന് മുന്നില്‍ ശ്രീ ചിത്ര വഴങ്ങുകയാണ്.