LiveTV

Live

Kerala

പിറവം വലിയ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിര്‍ദ്ദേശം

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭാ വികാരിക്ക് കൈമാറാൻ കോടതി നിർദേശിച്ചിരുന്നു

പിറവം വലിയ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിര്‍ദ്ദേശം

പിറവം വലിയ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. മതിയായ പൊലിസ് സംരക്ഷണം പള്ളിയിലും പരിസര പ്രദേശത്തും ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

പിറവം സെന്‍റ്മേരീസ് പള്ളിയില്‍ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലിസ് സംരക്ഷണം ഒരുക്കണമെന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പള്ളിയുടെ നിയന്ത്രണം നിലവിൽ ജില്ലാ കലക്ടറെ ഏൽപ്പിച്ച് കോടതി നേരത്തെ ഉത്തരവായിരുന്നു. കോടതി അനുമതിയോടെ ഓർത്തഡോക്സ് പക്ഷം ഞായറാഴ്ച കുർബാനയും നടത്തിയിരുന്നു. ഇടവകാംഗങ്ങൾക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാമെന്നും മൃതദേഹങ്ങൾ സംസ്കരിക്കാൻ വേണ്ട സംരക്ഷണം നൽകണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭാ വികാരിക്ക് കൈമാറാൻ കോടതി നിർദേശിച്ചിരുന്നു. കലക്ടറുടെ കൈവശമുള്ള താക്കോൽ കൈമാറാനായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇന്നലെ യാക്കോബായ വിഭാഗം ഇതിനെ കോടതിയിൽ എതിർത്തു. ഈ സാഹചര്യത്തിൽ ഇന്ന് യാക്കോബായ വിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമാണ് കോടതി നിർദേശം നൽകിയത്. പള്ളിക്കു കീഴിലുള്ള ചാപ്പലുകളുടെ വിശദാംശങ്ങൾ ജില്ലാകളക്ടർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 11 ചാപ്പലുകളിൽ ചിലത് സ്വകാര്യ ഭൂമിയിൽ ആണ് സ്ഥിതി ചെയ്യുന്നതെന്ന് കലക്ടറുടെ റിപ്പോർട്ട് പറയുന്നു. ഈ സാഹചര്യത്തിൽ ചാപ്പലുകളുടെ ഉടമസ്ഥാവകാശം നിർണയിക്കാൻ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.