LiveTV

Live

Kerala

കേരള ബാങ്ക് രൂപീകരണത്തിന് ആർ.ബി.ഐ അനുമതി;  സംസ്ഥാന സർക്കാരിന് ഇനിയും കടമ്പകള്‍ ഏറെ

ബാങ്ക് രൂപീകരണത്തെ എതിർക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‍റെ ഭാവി എന്താകുമെന്ന കാര്യം ആർ.ബി.ഐ പറഞ്ഞിട്ടുമില്ല

കേരള ബാങ്ക് രൂപീകരണത്തിന് ആർ.ബി.ഐ അനുമതി;  സംസ്ഥാന സർക്കാരിന് ഇനിയും കടമ്പകള്‍ ഏറെ

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയെങ്കിലും സംസ്ഥാന സർക്കാരിന് ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. നിലവിൽ ഹൈക്കോടതിയിൽ കേസുള്ള സാഹചര്യത്തിൽ അതിന്‍റെ തീർപ്പിന് വിധേയമായിരിക്കുമെന്നാണ് ആർ.ബി.ഐ പറയുന്നത്. അതോടെ ഹൈക്കോടതി നിലപാട് നിർണായകമാകും. മാത്രമല്ല ബാങ്ക് രൂപീകരണത്തെ എതിർക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‍റെ ഭാവി എന്താകുമെന്ന കാര്യം ആർ.ബി.ഐ പറഞ്ഞിട്ടുമില്ല.

സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് കേരള ബാങ്ക് യാഥാർഥ്യമാക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു. ഇതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള നടപടികളും അവതാളത്തിലായി. ഇതേ തുടര്‍ന്ന് പൊതുഭരണസമിതി യോഗത്തില്‍ മൃഗീയഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്‍റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ളഭേദഗതിയോടെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി.

ഈ നിയമഭേദഗതി ആര്‍.ബി.ഐ അംഗീകരിച്ചതോടെയാണ് കേരളബാങ്ക് രൂപീകരണത്തിന് വഴിയൊരുങ്ങിയത്. എന്നാൽ പ്രശ്നം കേടതികയറിയതിനാൽ നിലവിലെ ആര്‍.ബി.ഐ അംഗീകാരം ഹൈക്കോടതിയെ അറിയിച്ച് അനുമതി തേടേണ്ടി വരും. ഇക്കാര്യം ആർ.ബി.ഐ വ്യക്തമാക്കിയിട്ടുമുണ്ട്. ഹൈക്കോടതിയിലെ കേസ് വേഗത്തിൽ തീർപ്പാക്കാമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെങ്കിലും കോടതി നിലപാട് മറിച്ചായാൽ കേരള ബാങ്ക് രൂപീകരണം വീണ്ടും നീളും. മാത്രവുമല്ല. കേരള ബാങ്ക് രൂപീകരണത്തെ എതിര്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്കിന്‍റെ ഗതിയെന്താവും എന്നും കേരള ബാങ്ക് രൂപീകരണത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആര്‍.ബി.ഐ മുന്നോട്ട് വച്ചിട്ടുണ്ടോ എന്നും ഇനിയും വ്യക്തമായിട്ടുമില്ല.