LiveTV

Live

Kerala

വാഹനം ഓടിച്ചത് താനല്ല, മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം; സസ്പെന്‍ഷന്‍ നീട്ടി

ക്രിമിനല്‍ കേസ് നടക്കുന്ന സാഹചര്യത്തില്‍ ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നീട്ടി

വാഹനം ഓടിച്ചത് താനല്ല, മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം; സസ്പെന്‍ഷന്‍ നീട്ടി

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.ഐ.എസിന‍്റ സസ്പെന്‍ഷന്‍ നീട്ടി. ക്രിമിനല്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. അപകട സമയത്ത് കാറോടിച്ചത് താനല്ലെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്ന വിശദീകരണവും ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കി.

ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് താനല്ല അപകട സമയത്ത് വാഹനമോടിച്ചതെന്ന് ശ്രീറാം വിശദീകരിക്കുന്നത്. തന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണ് കാറോടിച്ചത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യലഹരിയിലായിരുന്നുവെന്ന ദൃക്സാക്ഷികളുടെ പ്രസ്താവനകള്‍ തെറ്റാണ്. താന്‍ മദ്യപിച്ചിരുന്നില്ല. പൊലീസ് നടത്തിയ രക്ത പരിശോധനയിലും മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ലെന്ന് ശ്രീറാം വിശദീകരിക്കുന്നു. ആകസ്മികമായിട്ടാണ് അപകടമുണ്ടായതെന്നും തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം ആവശ്യപ്പെടുന്നുണ്ട്.

വിശദീകരണം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ചു. എന്നാല്‍ ക്രിമിനല്‍ കേസ് നടക്കുന്ന സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് 3നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് സഹയാത്രിക വഫ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീറാമിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തത്.