LiveTV

Live

Kerala

ജോളിയുടെ ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

ഫോണ്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രണ്ടാം ഭര്‍ത്താവ് ഷാജു മീഡിയവണിനോട് പറഞ്ഞു

ജോളിയുടെ ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

ജോളിയുടെ മൂന്ന് ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോണ്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രണ്ടാം ഭര്‍ത്താവ് ഷാജു മീഡിയവണിനോട് പറഞ്ഞു. ജോളിയും ഷാജുവും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ലെന്ന സിലിയുടെ ബന്ധുക്കളുടെ അവകാശ വാദം ഷാജു തള്ളി.

ജോളി മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇത് എവിടെയെന്ന് കണ്ടെത്തുക അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്. ഫോണിനായി കഴിഞ്ഞ ദിവസം ഷാജുവിന്റെ വീട്ടീല്‍ അന്വേഷണ സംഘം എത്തിയിരുന്നു. ഈ ഫോണുകള്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാമെന്ന സൂചനയാണ് ഷാജു നല്‍കുന്നത്. ജോളി അറസ്റ്റിലാകുന്ന ദിവസം ജോളിയുടെ ബന്ധുക്കളില്‍ ചിലര്‍ പൊന്നാമറ്റത്ത് ഉണ്ടായിരുന്നതാണ് ഇതിന് കാരണം.

സിലിയുടെ മരണത്തിന് ശേഷം ജോളിയും താനുമായുള്ള വിവാഹത്തിന് സിലിയുടെ സഹോദരന്‍ മുന്‍കൈ എടുത്തതായി ഷാജു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് ഇക്കാര്യം സിലിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ നിഷേധിച്ചു. എന്നാല്‍ സിലിയുടെ കുടുംബത്തിന്റെ നിലപാട് ശരിയല്ലെന്നും സഹോദരന്‍ രണ്ട് തവണയിലധികം ജോളിക്ക് വേണ്ടി ഇടപെട്ടുവെന്നുമാണ് ഷാജുവിന്റെ വാദം.