LiveTV

Live

Kerala

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ തീരുമാനം

തർക്കത്തിലുളള ചെറുവളളി എസ്റ്റേറ്റ് ഭൂമി അടക്കം വിമാനത്താവളത്തിനായി പരിഗണിക്കും.

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ  തീരുമാനം

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തർക്കത്തിലുളള ചെറുവളളി എസ്റ്റേറ്റ് ഭൂമി അടക്കം വിമാനത്താവളത്തിനായി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടെങ്കിൽ നിയമ മാർഗം സ്വീകരിക്കാനും തീരുമാനമായി.

ശബരിമല വിമാനത്താവള പദ്ധതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്. വിമാനത്താവളത്തിനുളള ഭൂമി ഗതാഗത വകുപ്പ് കണ്ടെത്തണം. ഇത് പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കും. തർക്കത്തിലുളള ചെറുവളളി എസ്റ്റേറ്റ് ഭൂമിയടക്കം വിമാനത്താവളത്തിനായി പരിഗണിക്കും. ചെറുവളളി എസ്റ്റേറ്റിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് തർക്കത്തിലുളള ഭൂമി സർക്കാറിന് ഏറ്റെടുക്കാം.

വിമാനത്താവളത്തിനായി പരിഗണിക്കുന്നത് തർക്ക ഭൂമിയാണെങ്കിൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ചായിരിക്കും ഏറ്റെടുക്കുക. ഭൂമി ഏറ്റെടുത്താൽ മാത്രമേ മണ്ണ് പരിശോധനയും പരിസ്ഥിതി ആഘാത പഠനവും നടത്താൻ കഴിയുകയുളളു. അതുകൊണ്ട് തന്നെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ യോഗത്തിൽ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.