LiveTV

Live

Kerala

പ്രളയ പുനരധിവാസം: 10 കോടിയുടെ പദ്ധതിയുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ 

പ്രളയം ഏറെ നാശം വിതച്ച മലപ്പുറം, വയനാട് ജില്ലകളിലാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക.

 പ്രളയ പുനരധിവാസം: 10 കോടിയുടെ പദ്ധതിയുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ 

2019ലെ പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സസദ്ധ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. 100 വീടുകള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കും. പ്രളയം ഏറെ നാശം വിതച്ച മലപ്പുറം, വയനാട് ജില്ലകളിലാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക. നിലമ്പൂര്‍ കവളപ്പാറയിലും വയനാട് മേപ്പാടിയിലുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. സര്‍ക്കാരുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക.

വീടുകളുടെ നിര്‍മ്മാണത്തിന് പുറമെ തൊഴില്‍ മേഖലയില്‍ 250 പേര്‍ക്ക് കൃഷി, 250 പേര്‍ക്ക് ചെറുകിട വ്യാപാര മേഖലയില്‍ തൊഴില്‍ എന്നിവ ലഭ്യമാക്കും. ചെറുതും വലുതുമായ 50 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി 50 പദ്ധതികളും 50 ട്രെയിനിങ് ബോധവല്‍ക്കരണ വര്‍ക് ഷോപ്പുകളും സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പുനരധിവാസത്തിന്റെ ഭാഗമായി ലഭ്യമാക്കും.

പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഔപചാരിക തുടക്കം ഈ മാസം 11ന് വയനാട് ജില്ലയിലെ മേപ്പാടിയില്‍ നടക്കും. മേപ്പാടിയില്‍ നടക്കുന്ന ചടങ്ങില്‍ കാപ്പംകൊല്ലി സ്വദേശി കേളച്ചന്‍ തൊടി യൂസുഫ് ഹാജി ദാനമായി നല്‍കിയ 35 സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന 6 വീടുകളുടെ തറക്കല്ലിടല്‍ വൈകുന്നേരം 4 മണിക്ക് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍അസീസ് നിര്‍വഹിക്കും. ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, സബ്കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ.മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ് പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്തുന്നത്.

കഴിഞ്ഞ പ്രളയ കാലത്തെ പോലെ ഈ വര്‍ഷവും തുടക്കം മുതല്‍ പീപ്പിള്‍സ് ഫൗണ്ടേഷനും അനുബന്ധ ഏജന്‍സികളും രംഗത്തുണ്ടായിരുന്നു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കാരണം ഏറെ ആളപായമുണ്ടായ കവളപ്പാറയിലും പുത്തുമലയിലും സാങ്കേതിക പരിശീലനം നേടിയ ഐഡിയല്‍ റിലീഫ് വിംഗിന്റെ 100ഓളം പ്രവര്‍ത്തകര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കവളപ്പാറയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം 18 ദിവസവും ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകര്‍ തിരച്ചിലില്‍ സജീവമായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിലൂടെ നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. വിഭവങ്ങള്‍ സമാഹരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചും ആവശ്യമായ സഹായങ്ങള്‍ നല്‍കിയും പ്രളയ ബാധിതര്‍ക്ക് ആശ്വാസമേകി. പ്രളയ ബാധിതര്‍ വീടുകളിലേക്ക് തിരിച്ചു പോവുമ്പോള്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്ക്കാലിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചിരുന്നു. 4000ത്തിലധികം കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിച്ചു. പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച വിഭവങ്ങളാണ് മാര്‍ക്കറ്റിലൂടെ ലഭ്യമാക്കിയത്. 3000ത്തിലേറെ വീടുകള്‍ ശുചീകരിച്ചു. കൂടാതെ സ്‌കൂളുകള്‍, നഴ്‌സറികള്‍, പൊതുജന വായനശാലകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഉപയോഗയോഗ്യമാക്കി.

8000 വളണ്ടിയര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എത്തിക്കല്‍ മെഡിക്കല്‍ ഫോറവുമായി സഹകരിച്ച് പ്രളയം ഏറെ നാശം വിതച്ച നിലമ്പൂരിലെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയുണ്ടായി. 1500 സ്‌കൂള്‍ കിറ്റുകളും 500 കുടുംബങ്ങള്‍ക്ക് അടുക്കള കിറ്റുകളും വിതരണം ചെയ്തു. 2018ലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത 90 ശതമാനം പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയാക്കി.

പിന്നാക്ക ജനവിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി 2012ല്‍ നിലവില്‍ വന്ന ജനസേവന കൂട്ടായ്മയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍. വീട് നിര്‍മ്മാണം, തൊഴില്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ചികിത്സാ സഹായം, സ്റ്റാര്‍ട്ടപ്പ്, സേവന പ്രവര്‍ത്തനങ്ങള്‍, ട്രെയിനിങ് ക്യാമ്പുകള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചുവരുന്നു.

എം.കെ മുഹമ്മദലി (ചെയര്‍മാന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍), എം. അബ്ദുല്‍ മജീദ് (സെക്രട്ടറി, പീപ്പിള്‍സ് ഫൗണ്ടേഷന്‍), സമദ് കുക്കാവ് (സംസ്ഥാന പി.ആര്‍ സെക്രട്ടറി), സാദിഖ് ഉളിയില്‍ (ജോയിന്റ് സെക്രട്ടറി, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍), ഫൈസല്‍ പൈങ്ങോട്ടായി (പ്രസിഡണ്ട്, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി), ഹാമിദ് സലിം (അഡ്മിനിസ്‌ട്രേറ്റര്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍) എന്നിവര് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.