LiveTV

Live

Kerala

മരട് കേസ്: മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

2006 മുതൽ 2008 വരെയുള്ള കാലയളവിൽ മരട് പഞ്ചായത്തിലെ സെക്രട്ടറിയുടെയും ജൂനിയർ സൂപ്രണ്ടിന്റെയും ചുമതല വഹിച്ചവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

മരട് കേസ്: മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

മരട് ഫ്ലാറ്റ് നിർമാതാക്കൾക്ക് എതിരെയുള്ള കേസിൽ ക്രൈംബ്രാഞ്ച് മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഫ്ലാറ്റ് നിർമാണത്തിൽ വ്യാപകമായ നിയമ ലംഘനം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമായി ചുരുങ്ങുമെന്നാണ് സൂചന.

2006 മുതൽ 2008 വരെയുള്ള കാലയളവിൽ മരട് പഞ്ചായത്തിലെ സെക്രട്ടറിയുടെയും ജൂനിയർ സൂപ്രണ്ടിന്റെയും ചുമതല വഹിച്ചവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. ക്രമക്കേട് നടന്ന കാലഘട്ടത്തിലെ രേഖകളുടെ പരിശോധനയും പുരോഗമിക്കുകയാണ്. അതേസമയം മരടിൽ വിൽപ്പന നടന്ന 198 ഫ്ലാറ്റുകളിൽ 125 ഫ്ലാറ്റുടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളുവെന്നാണ് സൂചന. മറ്റുള്ളവർ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കിയിട്ടില്ല. നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനുള്ള സർക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി.സർവ്വാതെ നാളെ കൊച്ചിയിലെത്തും. ഫ്ലാറ്റുകൾ പൊളിക്കാനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ട് കമ്പനികളുമായി സർവ്വാതെ ഈ മാസം 11ന് ചർച്ച നടത്തും. ഇതിനു ശേഷമാകും ഏതു കമ്പനികൾക്ക് കരാർ നൽകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.