LiveTV

Live

Kerala

സംസ്ഥാനത്തുണ്ടാകുന്ന കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐക്ക് വിടാന്‍ തീരുമാനം

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി

സംസ്ഥാനത്തുണ്ടാകുന്ന കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐക്ക് വിടാന്‍ തീരുമാനം

തൃശൂര്‍ പാവറട്ടിയിലെ എക്സൈസ് കസ്റ്റഡി മരണം സി.ബി.ഐക്ക് വിടാൻ തീരുമാനം. ഇനി മുതല്‍ റിപ്പോർട്ട് ചെയ്യുന്ന കസ്റ്റഡി മരണങ്ങൾ എല്ലാം സി.ബി.ഐക്ക് വിടാനും ഇന്ന് ചേർന്ന മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

സംസ്ഥാന സർക്കാരിന് കീഴിലുളള സേനാ വിഭാഗങ്ങൾ ആരോപണവിധേയരാകുന്ന കേസിൽ സംസ്ഥനങ്ങൾക്ക് പുറത്ത് നിന്നുളള ഏജൻസികൾ അന്വേഷിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കസ്റ്റഡിമരണങ്ങൾ എല്ലാം സിബിഐക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പാവറട്ടിയിലെ രഞ്ജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിടും.ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും.

നേരത്തെ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സംസ്ഥാന സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നു.എന്നാൽ മുൻകാല പ്രാബല്യത്തോടെ മറ്റേതെങ്കിലും കസ്റ്റഡിമരണകേസ് സി.ബി.ഐക്ക് വിടുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് സൂചന. കസ്റ്റഡി മരണ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മതിയോ സി.ബി.ഐ വേണോ എന്ന കാര്യത്തിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് മന്ത്രിസഭായോഗം സുപ്രധാന തീരുമാനമെടുത്തത്.