LiveTV

Live

Kerala

ജോളി നല്‍കിയ മരുന്നു കഴിച്ച് സിലി അത്യാസന്നനിലയിലായെന്ന് ബന്ധു സേവ്യർ

നേരത്തെ അന്നമ്മ തോമസിനെ കൊലപ്പെടുത്തുന്നതിനു മുമ്പും ഒരു തവണ കൊലപ്പെടുത്താൻ ശ്രമം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

ജോളി നല്‍കിയ മരുന്നു കഴിച്ച് സിലി അത്യാസന്നനിലയിലായെന്ന്  ബന്ധു സേവ്യർ

സിലിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജോളി വാങ്ങി നൽകിയ മരുന്നു കഴിച്ച് സിലി അത്യാസന്നനിലയിലായെന്ന് സിലിയുടെ ബന്ധു സേവ്യർ. നേരത്തെ അന്നമ്മ തോമസിനെ കൊലപ്പെടുത്തുന്നതിനു മുമ്പും ഒരു തവണ കൊലപ്പെടുത്താൻ ശ്രമം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേരീതിയിൽ സിലിയെയും കൊലപ്പെടുത്താനുള്ള ശ്രമം മുൻപ് നടത്തിയിരുന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്.

സിലിയുമായി ജോളി നിരന്തര ബന്ധം പുലർത്തിയിരുന്നുവെന്നും രണ്ടുപേരും നല്ല സുഹൃത്തുക്കളായിരുന്നു എന്നും സിലിയുടെ മാതൃസഹോദരി ഭർത്താവ് കൂടിയായ സേവ്യർ മാഷ് ഓർത്തെടുക്കുന്നു. എന്തു കാര്യങ്ങൾക്കും ജോളി സിലിയെ സഹായിച്ചിരുന്നു. ഇതിനിടയിലാണ് നിരന്തര ക്ഷീണമാണെന്നും തുടർച്ചയായി അസുഖം വരുന്നെന്നും പറഞ്ഞ സിലിയെ ജോളി വൈദ്യരെ കാണിക്കുന്നത്. മരുന്നായി വാങ്ങിച്ചു നൽകിയ കഷായം കുടിച്ചപ്പൊഴാണ് സിലിക്ക്‌ അസ്വസ്ഥതയനുഭവപ്പെട്ടത്.

രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്നു സിലി കഴിഞ്ഞത്. സിലിയെ കൊലപ്പെടുത്താൻ നേരത്തെ ശ്രമം ഉണ്ടായിരുന്നോ എന്ന സംശയത്തിലേക്ക് ശക്തമായി വിരൽ ചൂണ്ടുന്നതാണിത്. അന്നമ്മ തോമസിനെ കൊലപ്പെടുത്തുന്നതിന് മുൻപും കൊലപാതക ശ്രമമുണ്ടായതായി അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. സമാന സാഹചര്യം ഇപ്പോൾ സിലിയുടെ കാര്യത്തിലും സംഭവിച്ചതായാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.