LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും

പൊളിക്കല്‍ നടപടികളിലേക്ക് കടക്കും മുന്‍പ് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞ താമസക്കാർ.

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: വിദഗ്ധ സമിതി നാളെ  റിപ്പോർട്ട് സമർപ്പിക്കും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ധ സമിതി നാളെ സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് പരിഗണിച്ചാകും പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുക. പൊളിക്കല്‍ നടപടികളിലേക്ക് കടക്കും മുന്‍പ് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞ താമസക്കാർ.

വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി 11 അംഗ സംഘത്തെയാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്നത്. പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുക, ഇവരുടെ യന്ത്രങ്ങളുടെയും മറ്റും നിലവാരം പരിശോധിക്കുക, പൊളിക്കലിന് നേതൃത്വം നൽകുക തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധനാ വിധേയമാക്കിയിട്ടുണ്ട്. കരാർ ഏറ്റെടുക്കാൻ താൽപര്യം അറിയിച്ചെത്തിയ ആറ് കമ്പനികളില്‍ രണ്ടെണ്ണമാണ് അവസാന പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

ഈ മാസം 11ന് തന്നെ ഫ്ലാറ്റുകൾ കരാർ നൽകുന്ന കമ്പനിക്ക് കൈമാറും. ഒഴിഞ്ഞു പോയ താമസക്കാരുടെ സാധനങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. സാധനങ്ങൾ മോഷണം പോകുന്നതായി പരാതി ഉയര്‍ന്നതിനെ തുടർന്ന് ഫ്ലാറ്റുകളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.