LiveTV

Live

Kerala

കൂടത്തായ് കൂട്ടക്കൊലപാതകം; അന്വേഷണം നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും നീളുന്നു

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസില്‍ദാറെയും റോയിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കോടഞ്ചേരി എസ്.ഐയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും

 കൂടത്തായ് കൂട്ടക്കൊലപാതകം; അന്വേഷണം നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും നീളുന്നു

കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുന്നു. ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചു.

വ്യാജ ഒസിയത്ത് നിര്‍മിക്കുന്നതിലും നേതാക്കള്‍ക്ക് പങ്കാളിത്തമുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു. പ്രാദേശിക തലത്തിലുള്ള ലീഗ്, സി.പി.എം നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിലൊരാള്‍ക്ക് ജോളി ചെക്ക് നല്‍കിയിട്ടുണ്ട്. മറ്റൊരാള്‍ക്ക് ഒപ്പം ജോളി ബാങ്കില്‍ എത്തുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. താനും ജോളിയും തമ്മില്‍ ദീര്‍ഘകാലത്തെ പരിചയമുള്ളതായി ജയശ്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഭൂമിയുടെ പോക്ക് വരവ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം തന്നോട് ചോദിച്ചെന്ന് ജയശ്രീ മീഡിയവണിനോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണം തുടരുന്നതിനാല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നും ജയശ്രീ പറഞ്ഞു.

റോയി തോമസിന്റെ മരണം സൈനയിഡ് ഉള്ളില്‍ ചെന്നിട്ടാണെന്ന് കണ്ടെത്തിയിട്ടും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇതിലാണ് മുന്‍ കോടഞ്ചേരി എസ്.ഐ രാമനുണ്ണിയെ ചോദ്യം ചെയ്യുക. ആത്മഹത്യയെന്ന നിഗമനത്തില്‍ എങ്ങനെ എത്തിയെന്ന ചോദ്യത്തിനാണ് രാമനുണ്ണിയില്‍ നിന്ന് ഉത്തരം തേടുക. ആത്മഹത്യയാക്കി മാറ്റാന്‍ ഉന്നതല ഇടപെടല്‍‌ നടന്നോയെന്നും അന്വേഷിക്കും. എന്നാല്‍‌ ഒരു തരത്തിലും ഇടപെടല്‍ നടന്നിട്ടില്ലെന്നാണ് രാമനുണ്ണിയുടെ നിലപാട്.