LiveTV

Live

Kerala

കടകംപള്ളിയും കുമ്മനവും തമ്മിലുള്ള വാക്പോര് തുടരുന്നു

ജോലി രാജിവെച്ച് വർഗീയ പ്രചാരണത്തിനിറങ്ങിയ ആളാണ് കുമ്മനമെന്ന് കടകംപളളി ആരോപിച്ചു. കടകംപളളിയുടേത് നെഗറ്റീവ് പൊളിറ്റിക്സ് ആണെന്ന് കുമ്മനം തിരിച്ചടിച്ചു.

കടകംപള്ളിയും കുമ്മനവും തമ്മിലുള്ള വാക്പോര് തുടരുന്നു

കുമ്മനം രാജശേഖരനും കടകംകളളി സുരേന്ദ്രനും തമ്മിലുളള വാക്പോര് തുടരുന്നു. ജോലി രാജിവെച്ച് വർഗീയ പ്രചാരണത്തിനിറങ്ങിയ ആളാണ് കുമ്മനമെന്ന് കടകംപളളി ആരോപിച്ചു. കടകംപളളിയുടേത് നെഗറ്റീവ് പൊളിറ്റിക്സ് ആണെന്ന് കുമ്മനം തിരിച്ചടിച്ചു.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചാണ് കുമ്മനം രാജശേഖരനും മന്ത്രി കടകംപളളി സുരേന്ദ്രനും പരസ്പരം വാക്പോര് തുടരുന്നത്. ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജിവെച്ച് കുമ്മനം വര്‍ഗീയ പ്രചാരണത്തിനാണ് ഇറങ്ങിയതെന്ന് കടകംപള്ളി പറഞ്ഞു. കടകംപള്ളിയെ പോലെ രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം ജോലി നേടിയ ആളല്ല താനെന്നും സര്‍ക്കാര്‍ ജോലി രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും നേരത്തെ കുമ്മനം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കടകംപള്ളിയുടെ ഫേസ്ബുക്കിലൂടെയുളള പ്രതികരണം. മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി കുമ്മനം നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. മാറാട് കേസ് ഒതുക്കി തീര്‍ക്കാന്‍ ലീഗുമായി ഒത്തുകളിച്ചെന്നും കടകം പളളി ആരോപിച്ചു.

കടകംപളളിയുടെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തന്നെയായിരുന്നു കുമ്മനത്തിൻറെ മറുപടി. കടകംപളളിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ കുമ്മനം വർഗീയ വിദ്വേഷമുണ്ടാക്കിയതിന്‍റെ പേരിൽ ഇന്നേ വരെ ഒരു കേസ് തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. മാറാട് കലാപ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് സി.പി.എമ്മും കോൺഗ്രസുമാണെന്നും കുമ്മനം പറഞ്ഞു.