LiveTV

Live

Kerala

ജോളിക്ക് കുരുക്കായത് സ്വന്തം മൊഴികള്‍; അവസാനം കുറ്റം സമ്മതിച്ചു

എല്ലാം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ. ഓരോ കൊലപാതകത്തിനും പ്രത്യേകം കാരണങ്ങളും. അടുത്ത ബന്ധുക്കള്‍ക്ക് പോലും ഒരു സംശയവും തോന്നിയില്ല. 

ജോളിക്ക് കുരുക്കായത് സ്വന്തം മൊഴികള്‍; അവസാനം കുറ്റം സമ്മതിച്ചു

കൂടത്തായി കൊലപാതക പരന്പരയില്‍ മുഖ്യ പ്രതി ജോളിക്ക് കുരുക്കായത് സ്വന്തം മൊഴികള്‍ തന്നെ. ജോലി മുതല്‍ ഭര്‍ത്താവിന്റെ മരണം വരെയുള്ള കാര്യങ്ങളിലെല്ലാം ജോളി പ്രചരിപ്പിച്ചത് പച്ചകള്ളങ്ങളായിരുന്നുവെന്ന് അന്വേഷണ സംഘം തുടക്കത്തിലെ തന്നെ കണ്ടെത്തി. ഇതാണ് അന്വേഷണം ജോളിയിലേക്ക് കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചത്.

എല്ലാം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ. ഓരോ കൊലപാതകത്തിനും പ്രത്യേകം കാരണങ്ങളും. അടുത്ത ബന്ധുക്കള്‍ക്ക് പോലും ഒരു സംശയവും തോന്നിയില്ല. പക്ഷേ സ്വത്ത് തര്‍ക്കത്തില്‍ തട്ടി ഉയര്‍ന്ന പരാതിയില്‍ എല്ലാം കലങ്ങി തെളിഞ്ഞതാണ് കൂടത്തായിലെ ദുരൂഹമരണങ്ങള്‍ കൊലപാതകങ്ങളാണെന്ന കണ്ടെത്തലിലേക്ക് എത്തിയത്. ജോളി നല്‍കിയ മൊഴി അന്വേഷണ സംഘം പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരുന്നു.

എന്‍.ഐ.ടി ലക്ച്ചറാണെന്ന് നാട്ടുകാരേയും വീട്ടുകാരെയും പറഞ്ഞ് കബളിപ്പിച്ചതാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞ നിമിഷം തന്നെ ജോളിക്ക് കുരുക്ക് മുറുകിയിരുന്നു. സ്വന്തം ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് ബന്ധുക്കളോടും പിന്നീട് അന്വേഷണ സംഘത്തോടും പറഞ്ഞതെല്ലാം തെറ്റാണെന്ന് കണ്ടെത്തിയതും അന്വേഷണത്തെ നിര്‍ണായക ദിശയിലേക്ക് നയിച്ചു. സ്വത്തുമായി ബന്ധപ്പെട്ട ഔസ്യത്ത് വ്യാജമായി നിര്‍മിച്ചതാണെന്ന് കൂടി വെളിപ്പെട്ടതോടെ പിന്നെ കുറ്റങ്ങള്‍ ഓരോന്നും ജോളിക്ക് ഏറ്റു പറയേണ്ടി വന്നു. ഇതോടെ സ്വത്ത് മാത്രമായിരുന്നില്ല കൊലപാതകങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്നും വ്യക്തമാക്കപ്പെട്ടു.