LiveTV

Live

Kerala

പൂതനയോട് ഉപമ; സുധാകരനെ പൂട്ടാനുറച്ച് യു.ഡി.എഫ്, കലക്ടർ ഇന്ന് റിപ്പോർട്ട് നൽകും

പുരാണത്തിലെ ദുഷ്ടരാക്ഷസിയായ പൂതനയോട് അരൂരിലെ സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ ഉപമിക്കുക വഴി സ്ഥാനാർഥിയെ മന്ത്രി ജി സുധാകരൻ വ്യക്തിഹത്യ നടത്തിയെന്നും അപകീർത്തിപ്പെടുത്തിയെന്നും യു.ഡി.എഫ് നൽകിയ പരാതിയിൽ

പൂതനയോട് ഉപമ; സുധാകരനെ പൂട്ടാനുറച്ച് യു.ഡി.എഫ്, കലക്ടർ ഇന്ന് റിപ്പോർട്ട് നൽകും

അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്റെ വിവാദ പരാമർശത്തിൽ ആലപ്പുഴ ജില്ലാ കലക്ടർ ഇന്ന് റിപ്പോർട്ട് നൽകും. മുഖ്യ തെരഞ്ഞെടുപ്പോഫീസർക്കാണ് റിപ്പോർട്ട് നൽകുക.

പെരുമാറ്റചട്ട ലംഘനം നടത്തിയ മന്ത്രി ജി സുധാകരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നൽകിയ പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പോഫീസർ റിപ്പോർട്ട് തേടിയത്. പുരാണത്തിലെ ദുഷ്ടരാക്ഷസിയായ പൂതനയോട് അരൂരിലെ സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ ഉപമിക്കുക വഴി സ്ഥാനാർഥിയെ മന്ത്രി ജി സുധാകരൻ വ്യക്തിഹത്യ നടത്തിയെന്നും അപകീർത്തിപ്പെടുത്തിയെന്നും യു.ഡി.എഫ് നൽകിയ പരാതിയിൽ പറയുന്നു.

അന്വേഷണം നടക്കുകയാണെന്നും ഇന്നുച്ചയോടെ റിപ്പോർട്ട് നൽകുമെന്നും വരണാധികാരി കൂടിയായ ആലപ്പുഴ ജില്ലാ കലക്ടർ അദീല അബ്ദുല്ല പറഞ്ഞു. പരാതിക്കാധാരമായ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാകും ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ഷാനിമോൾ ഉസ്മാനെതിരെയുള്ള ജി സുധാകരന്റെ പരാമർശം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയമാക്കാനാണ് യു.ഡി.എഫ് തീരുമാനം. എന്നാൽ വിവാദങ്ങൾ പ്രചാരണത്തെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്.