LiveTV

Live

Kerala

ബന്ദിപ്പൂര്‍ യാത്രാ നിയന്ത്രണം; വയനാട്ടിലെ നിരാഹാര സമരം അവസാനിപ്പിച്ചു  

മന്ത്രിമാരായ എ.കെ ശശീന്ദ്രനും ടി.പി രാമകൃഷ്ണനും സമരവേദിയിലെത്തി സർക്കാരിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് നിരാഹാരസമരം അവസാനിപ്പിക്കാൻ യുവജന കൂട്ടായ്മ തീരുമാനിച്ചത്.

ബന്ദിപ്പൂര്‍ യാത്രാ നിയന്ത്രണം; വയനാട്ടിലെ നിരാഹാര സമരം അവസാനിപ്പിച്ചു  

ബന്ദിപൂര്‍ ദേശീയപാതയിലെ യാത്രാ നിരോധന നീക്കത്തിനെതിരായ ജനകീയ സമരം അവസാനിപ്പിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. ദേശീയ പാത അടക്കില്ലെന്ന് കര്‍ണാടക സര്‍ക്കാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 12 ദിവസം മുമ്പ് ആരംഭിച്ച നിരാഹാര സമരം വയനാട്ടില്‍ വന്‍ ജനകീയ പ്രക്ഷോഭമായി മാറിയിരുന്നു.

മന്ത്രിമാരായ എ.കെ ശശീന്ദ്രനും ടി.പി രാമകൃഷ്ണനും സമരവേദിയിലെത്തി സർക്കാരിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് 12 ദിവസമായി നടക്കുന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ യുവജന കൂട്ടായ്മ തീരുമാനിച്ചത്. സമരത്തിന്റെ 12ാം ദിവസമായ ഇന്നും ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പിന്തുണയുമായി ഒഴുകിയെത്തിയത്.

വൈകിട്ട് മൂന്ന് മണിയോടെ ആരംഭിച്ച ബഹുജന സംഗമത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാർ മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടത്. നിരാഹാരം അവസാനിപ്പിച്ചാലും പ്രക്ഷോഭം തുടരുമെന്ന് സമരസമിതി അറിയിച്ചു. തുടർന്ന് നേതാക്കൾ നാരങ്ങാനീര് നൽകി. ഇതുവരെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച വിവിധ കൂട്ടായ്മകളുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് ഒക്ടോബർ 18ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.