LiveTV

Live

Kerala

ദേശീയപാതാ സമരം പതിനൊന്നാം ദിവസത്തിലേക്ക്; ഇന്ന് സ്വകാര്യ ബസുടമകളും ജീവനക്കാരും പണിമുടക്കി സമരപ്പന്തലിലെത്തും

വയനാട് ജില്ലക്കകത്ത് നിന്നും പുറത്തുനിന്നുമായി സമരത്തിന് പിന്തുണയുമായെത്തിയ മുഴുവൻ കൂട്ടായ്മകളെയും പങ്കെടുപ്പിച്ചാണ് നാളെ സുൽത്താൻ ബത്തേരിയിൽ ബഹുജനസംഗമം സംഘടിപ്പിക്കുന്നത്

ദേശീയപാതാ സമരം പതിനൊന്നാം ദിവസത്തിലേക്ക്; ഇന്ന്  സ്വകാര്യ ബസുടമകളും ജീവനക്കാരും പണിമുടക്കി സമരപ്പന്തലിലെത്തും

ദേശിയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന നിരാഹാരസമരത്തിന് പിന്തുണയേറുന്നു. നിരാഹാര സമരത്തിന്റെ പതിനൊന്നാം ദിവസമായ ഇന്ന് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പണിമുടക്കി സമരപ്പന്തലിൽ ഐക്യദാർഢ്യവുമായെത്തും. നാളെ നടക്കുന്ന ബഹുജന സംഗമത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും.

വയനാട് ജില്ലക്കകത്ത് നിന്നും പുറത്തുനിന്നുമായി സമരത്തിന് പിന്തുണയുമായെത്തിയ മുഴുവൻ കൂട്ടായ്മകളെയും പങ്കെടുപ്പിച്ചാണ് നാളെ സുൽത്താൻ ബത്തേരിയിൽ ബഹുജനസംഗമം സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പണിമുടക്കി സമരപ്പന്തലിലേക്ക് കൂട്ടമായെത്തും . കാർഷിക ജില്ലയായ വയനാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ കഴിഞ്ഞദിവസവും പിന്തുണയുമായി എത്തിയിരുന്നു.

കഴിഞ്ഞ 10 ദിവസമായി നിരാഹാരം നടത്തി വന്ന യുവജന നേതാക്കളിൽ മൂന്നുപേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു പകരം പുതിയ മൂന്ന് നേതാക്കൾ സമരം ഏറ്റെടുത്തു.

രാഹുൽ ഗാന്ധി എം.പിയുടെ സന്ദർശന ശേഷം പിന്തുണയുമായി നിരവധിപേരാണ് സ്വാതന്ത്ര മൈതാനിയിലേക്കെത്തുന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വനംവകുപ്പ് മന്ത്രി കെ രാജു സമരപ്പന്തലിൽ എത്തിയതും യുവജന സമിതിയുടെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം മാത്രം 21 കൂട്ടായ്മകളാണ് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിയത്.