LiveTV

Live

Kerala

എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ് നെടുമങ്ങാട് പൊലീസ് അന്വേഷിക്കും

മെഡിക്കല്‍ കോളജിലെ പരീക്ഷാ സെന്‍റര്‍ ആരോഗ്യ സര്‍വകലാശാല റദ്ദാക്കിയതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് കോളജ് അധികൃതരില്‍ നിന്ന് മര്‍ദനമേറ്റത്.

എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ് നെടുമങ്ങാട് പൊലീസ് അന്വേഷിക്കും

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ് അന്വേഷണം നെടുമങ്ങാട് പൊലീസിന് വിട്ടു. മര്‍ദനമേറ്റ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജിലെ പരീക്ഷാ സെന്‍റര്‍ ആരോഗ്യ സര്‍വകലാശാല റദ്ദാക്കിയതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് കോളജ് അധികൃതരില്‍ നിന്ന് മര്‍ദനമേറ്റത്.

സെക്യൂരിറ്റി ജീവനക്കാരന്‍ അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയതിനെ വിദ്യാര്‍ഥിനികള്‍ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് തുടക്കം. ചോദ്യം ചെയ്ത ആര്യ എന്ന വിദ്യാര്‍ഥിനിയെ കോളജിലെ അഡ്മിനിസിട്രേറ്റിവ് ഓഫീസര്‍ സുമംഗല അടക്കമുള്ളവര്‍ മര്‍ദിച്ചു. ഇതിന്‍റെ ദൃശ്യങ്ങളടക്കം വര്‍ക്കല പൊലീസില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയെങ്കിലും പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

വര്‍ക്കല പൊലീസ് കേസ് അന്വേഷിച്ചാല്‍‌ കൃത്രിമം നടക്കുമെന്ന വിദ്യാര്‍ഥികളുടെ ആരോപണം ഗൌരവമായി കാണുമെന്ന് ഡി.ജി.പി പറഞ്ഞു. അന്വേഷണം ആറ്റിങ്ങല്‍ സബ് ഡിവിഷനില്‍ നിന്ന് നെടുമങ്ങാട് സബ് ഡിവിഷനിലേക്ക് മാറ്റുന്നതായും അദ്ദേഹം പറഞ്ഞു.