LiveTV

Live

Kerala

കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം: ആസൂത്രണം ചെയ്തത് കൊല്ലപ്പെട്ടവരുടെ ബന്ധു ജോളിയെന്ന് എസ്.പി 

എല്ലാ മരണത്തിലും സയനൈഡിന്റെ അംശം കണ്ടെത്തി. ഓരോ കൊലപാതകങ്ങള്‍ക്കും ഓരോ കാരണങ്ങളുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് നിലവില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എസ്.പി പറഞ്ഞു.

കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം: ആസൂത്രണം ചെയ്തത് കൊല്ലപ്പെട്ടവരുടെ ബന്ധു ജോളിയെന്ന് എസ്.പി 

കൂടത്തായിയിലെ ആറ് മരണങ്ങളിലും പങ്കുണ്ടെന്ന് അറസ്റ്റിലായ ജോളി സമ്മതിച്ചെന്ന് വടകര റൂറല്‍ എസ്.പി. എല്ലാ മരണത്തിലും സയനൈഡിന്റെ അംശം കണ്ടെത്തി. ഓരോ കൊലപാതകങ്ങള്‍ക്കും ഓരോ കാരണങ്ങളുണ്ടെന്നും എസ്.പി പറഞ്ഞു. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് നിലവില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എസ്.പി വ്യക്തമാക്കി.

കൂടത്തായിയിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആരംഭിക്കുന്നത് രണ്ട് മാസം മുന്‍പാണ്. റോയ് തോമസിന്റെ മരണത്തിലാണ് ആദ്യം അന്വേഷണം നടത്തിയത്. സയനൈഡ് എവിടെ നിന്നാണ് കിട്ടിയതെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സമാനമായ രീതിയില്‍ ആറ് മരണമുണ്ടായെന്ന് മനസ്സിലായി. ഒരാളുടെ സാന്നിധ്യം അവിടെ കണ്ടെത്തി. അതന്വേഷിച്ച സമയത്താണ് ജോളിയിലേക്ക് അന്വേഷണം എത്തിയത്. എന്‍.ഐ.ടി ലക്ചറര്‍ ആണെന്നാണ് ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നും ജോളി പ്രചരിപ്പിച്ചു. ഇത്തരം നീക്കങ്ങളാണ് അന്വേഷണം ജോളിയിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായതെന്നും എസ്.പി അറിയിച്ചു.

ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റെ കുഞ്ഞ് മരിച്ചത് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയെന്നാണ് പറഞ്ഞിരുന്നത്. ഷാജുവിന്‍റെ ഭാര്യ സിലിയെ കൊന്നത് വെള്ളത്തില്‍ വിഷം ചേര്‍ത്താണ്. എല്ലാ മരണത്തിലും സയനൈഡിന്റെ സാന്നിധ്യമുണ്ട്. എല്ലാ മരണത്തിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചെന്നും എസ്.പി അറിയിച്ചു.

ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് ജോളിയെ നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഓരോ കൊലപാതകങ്ങള്‍ക്കും ഓരോ കാരണങ്ങളുണ്ട്. സ്വത്ത് മാത്രമായിരുന്നില്ല കാരണം. മറ്റ് മരണങ്ങളില്‍ തുടര്‍ച്ചയായ അന്വേഷണം ഉണ്ടാകും. രണ്ട് മാസത്തിനകം ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെന്നും എസ്.പി അറിയിച്ചു.

Also read: കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍; മരിച്ച റോയിയുടെ ഭാര്യ ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍