LiveTV

Live

Kerala

കൂടത്തായി ദുരൂഹ മരണങ്ങള്‍: തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു  

ദുരൂഹ മരണക്കേസില്‍ അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.

കൂടത്തായി ദുരൂഹ മരണങ്ങള്‍: തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു  

കൂടത്തായിയിലെ ദുരൂഹ മരണങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. തെളിവ് കിട്ടിയിട്ടുണ്ടെങ്കില്‍ ആരും ശിക്ഷിക്കപ്പെടട്ടെ. ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് അറിയില്ല. തന്‍റെ ആദ്യ ഭാര്യയും കുഞ്ഞും അസുഖത്തെ തുടര്‍ന്നാണ് മരിച്ചതെന്നും ഷാജു പറഞ്ഞു. ദുരൂഹ മരണക്കേസില്‍ അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.

ആറ് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2002ലാണ് ദുരൂഹ മരണ പരമ്പരയുടെ തുടക്കം. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയാണ് ആദ്യം മരിച്ചത്. പിന്നീട് 2006ല്‍ റോയിയുടെ പിതാവ് ടോം തോമസ് മരിച്ചു. ഇരു മരണങ്ങളിലും നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ സംശയം തോന്നിയില്ല. 2011ല്‍ ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ചു. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം.

പിന്നീട് 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. ടോം തോമസിന്‍റെ അനിയന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്‍റെ മകള്‍ അല്‍ഫൈന്‍ ഷാജുവും മരിച്ചു. പിന്നാലെ ഷാജുവിന്‍റെ ഭാര്യയും മരിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഷാജുവും ജോളിയും വിവാഹം ചെയ്തു.