LiveTV

Live

Kerala

കൂടത്തായിയിലെ ആറ് പേരുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഷാജുവിന്‍റെ അമ്മ

ആറ് പേരുടെ ദുരൂഹ മരണത്തില്‍ ആസൂത്രകയെന്ന് പൊലീസ് സംശയിക്കുന്ന ജോളിയുടെ രണ്ടാം ഭര്‍ത്താവാണ് ഷാജു.

കൂടത്തായിയിലെ ആറ് പേരുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഷാജുവിന്‍റെ അമ്മ

കൂടത്തായിയിലെ മരണങ്ങള്‍ ദുരൂഹമെന്ന് പറയുന്നത് കെട്ടുകഥയാണെന്ന് ഷാജുവിന്റെ അമ്മ. ആറ് പേരുടേയും മരണത്തില്‍ ഒരു സംശയവും ഇല്ലെന്നും ഷാജുവിന്‍റെ അമ്മ മീഡിയവണിനോട് പറഞ്ഞു. ആറ് പേരുടെ ദുരൂഹ മരണത്തില്‍ ആസൂത്രകയെന്ന് പൊലീസ് സംശയിക്കുന്ന ജോളിയുടെ രണ്ടാം ഭര്‍ത്താവാണ് ഷാജു.

സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് മരിച്ച റോയിയുടെ സഹോരനായ റോജിയുടെ പരാതിക്ക് പിന്നിലെന്നും ഷാജുവിന്‍റെ അമ്മ ആരോപിക്കുന്നു‍. ജോളിയെ കുറിച്ച് സംശയമൊന്നും ഇല്ല. ഇപ്പോള്‍ പരാതി നല്‍കിയ റോജി നേരത്തേ എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ഷാജുവിന്‍റെ അമ്മ ചോദിക്കുന്നു.

2002ലാണ് ദുരൂഹ മരണ പരമ്പരയുടെ തുടക്കം. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയാണ് ആദ്യം മരിച്ചത്. പിന്നീട് 2006ല്‍ റോയിയുടെ പിതാവ് ടോം തോമസ് മരിച്ചു. ഇരു മരണങ്ങളിലും നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ സംശയം തോന്നിയില്ല. 2011ല്‍ ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ചു. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം.

പിന്നീട് 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. ടോം തോമസിന്‍റെ അനിയന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്‍റെ മകള്‍ അല്‍ഫൈന്‍ ഷാജുവും മരിച്ചു. പിന്നാലെ ഷാജുവിന്‍റെ ഭാര്യ ഫിലിയും മരിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഷാജുവും ജോളിയും വിവാഹം ചെയ്തു.

കുടുംബത്തില്‍ സ്വത്ത് തര്‍ക്കം ഉണ്ടായതോടെയാണ് മരണങ്ങളെ കുറിച്ച് സംശയമുണ്ടാകുന്നത്. റോയിയുടെ സഹോദരന്‍ റോജി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണമാണ് ഇപ്പോള്‍ ജോളിയുടെയും രണ്ട് പേരുടെയും അറസ്റ്റിലെത്തിയത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.