LiveTV

Live

Kerala

ഉള്ളിയേരി ഡിപ്പോയില്‍ മില്‍മ അധികൃതരും ലോറിഡ്രൈവര്‍മാരും തമ്മില്‍ തര്‍ക്കം

വയനാട് മില്‍മ മാനേജര്‍ ലോറി ഡ്രൈവര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

ഉള്ളിയേരി ഡിപ്പോയില്‍ മില്‍മ അധികൃതരും ലോറിഡ്രൈവര്‍മാരും തമ്മില്‍ തര്‍ക്കം

മില്‍മയുടെ കോഴിക്കോട് ഉള്ളിയേരി ഡിപ്പോയില്‍ പാല്‍ വിതരണവുമായി ബന്ധപ്പെട്ട് മില്‍മ അധികൃതരും ലോറിഡ്രൈവര്‍മാരും തമ്മില്‍ തര്‍ക്കം. കോഴിക്കോട് ജില്ലയിലെ വടക്കന്‍ ഭാഗങ്ങളില്‍ പാല്‍ വിതരണം മുടങ്ങി. ഡയറി മാനേജര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വരും ദിവസങ്ങളിലും പാല്‍ വിതരണം മുടങ്ങാന്‍ സാധ്യത.

വയനാട് മില്‍മയില്‍ നിന്ന് എത്തുന്ന പാല്‍ ഉള്ളിയേരി മുണ്ടോത്ത് മില്‍മ മാര്‍ക്കറ്റിങ് ഡിപ്പോ വഴിയാണ് ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. പാല്‍ വിതരണത്തിനായി ഉപയോഗിക്കുന്ന ട്രെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് ലോറി ഡ്രൈവര്‍മാരും മില്‍മയും തമ്മില്‍ തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാല്‍ വിതരണം മുടങ്ങി. പന്ത്രണ്ടായിരം ലിറ്റര്‍ പാല്‍ ഡിപ്പോയില്‍ കുടുങ്ങി. നേരത്തെ നീല നിറത്തിലുള്ള ട്രെകളാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മില്‍മ കൊണ്ടുവന്ന ഗ്രേ നിറത്തിലുള്ള ട്രെ ഗുണമേന്‍മ കുറഞ്ഞതാണെന്ന് ലോറി ഡ്രൈവര്‍മാര്‍ ആരോപിച്ചു.

വയനാട് മില്‍മ മാനേജര്‍ ലോറി ഡ്രൈവര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പുതിയ ട്രേ ഉപയോഗിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡ്രൈവര്‍മാര്‍. ഇതോടെ പാല്‍ വിതരണം വരും ദിവസങ്ങളിലും മുടങ്ങാനാണ് സാധ്യത. അടുത്ത 12 ന് വീണ്ടും ചര്‍ച്ച വിളിച്ചിട്ടുണ്ട്. ‌‌‌‌‌