LiveTV

Live

Kerala

ചികിത്സ കിട്ടാതെ ആദിവാസി കുഞ്ഞ് മരിച്ച സംഭവത്തിൽ പരാതിയുമായി രക്ഷിതാക്കൾ

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ രോഗനിർണയത്തിൽ വീഴ്ചവരുത്തിയതാണ് മരണത്തിന് കാരണമായതെന്നാണ് ആരോപണം

ചികിത്സ കിട്ടാതെ ആദിവാസി കുഞ്ഞ് മരിച്ച സംഭവത്തിൽ പരാതിയുമായി രക്ഷിതാക്കൾ

വിദഗ്ധ ചികിത്സ കിട്ടാതെ ആദിവാസി കുഞ്ഞ് മരിച്ച സംഭവത്തിൽ പരാതിയുമായി രക്ഷിതാക്കൾ. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ രോഗനിർണയത്തിൽ വീഴ്ചവരുത്തിയതാണ് മരണത്തിന് കാരണമായതെന്നാണ് ആരോപണം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. നിലമ്പൂർ പാത്തിപ്പാറ ചക്കപ്പാലി കോളനിയിൽ രാജുവിന്‍റേയും സുനിതയുടെയും കുഞ്ഞാണ് അണുബാധയെത്തുടർന്ന് ഇന്നലെ മരിച്ചത്.

നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിയ കുഞ്ഞിനെ കഫക്കെട്ടിനുള്ള മരുന്ന് നൽകി വീട്ടിലേക്കയക്കുകയായിരുന്നു. എന്നാല്‍ അസുഖം കൂടി വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കുഞ്ഞിന് ബാധിച്ച അണുബാധയിൽ ആന്തിരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണം. കഴിഞ്ഞ ഇരുപത്തിയഞ്ചിന് ജില്ലാ ആശുപത്രിയിൽ മമ്പാട് എടക്കോട് കോളനിയിലെ പാലന്‍റെയും സീതയുടെയും മകൾ രാജി കൃഷ്ണടും പനി ബാധിച്ച് മരിച്ചിരുന്നു.

ചികിത്സ നൽകുന്നതിൽ ഡോക്ടർമാർ വീഴ്ച വരുത്തിയതാണ് മരണത്തിനിടയാക്കിയതെന്ന പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആദിവാസികൾക്ക് ചികിൽസ നൽകുന്നതിൽ തുടർച്ചയായുണ്ടാകുന്ന വീഴ്ചകൾ അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഊരുകാരുടെ ആവശ്യം.