LiveTV

Live

Kerala

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെക്കും 

കോളജില്‍ ഇനി പരീക്ഷാ സെന്‍റര്‍ അനുവദിക്കേണ്ടെന്നും ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെക്കും 

വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ തീരുമാനം. ക്രമക്കേട് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യസർവകലാശാലയുടെ നടപടി. എസ്.ആർ മെഡിക്കൽ കോളജിൽ ഇനി മുതൽ പരീക്ഷ സെൻറർ അനുവദിക്കേണ്ടെന്നും ആരോഗ്യ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ അടിസ്ഥാന സൌകര്യങ്ങളൊരുക്കാതെ വിദ്യാർത്ഥികളെ കബളിപ്പിച്ച സംഭവം മീഡിയവൺ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ കോളേജിനെതിരെ ആരോഗ്യ സർവകലാശാല കർശന നടപടിയുമായി രംഗത്ത് വന്നത്. എസ്.ആർ മെഡിക്കൽ കോളജിലെ പരീക്ഷഫലം തടഞ്ഞുവെക്കാൻ ഇന്ന് ചേർന്ന ആരോഗ്യ സർവകലാശാലയുടെ ഗവേണിംഗ് കൌൺസിൽ തീരുമാനിച്ചു. കോളജിൽ പരിശോധന നടത്തിയ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. കോളജിൽ ഇനി മുതൽ പരീക്ഷാ സെൻറർ അനുവദിക്കേണ്ടെന്നും ആരോഗ്യ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

ക്രമക്കേട് നടത്തിയ കോളജ് മാനേജ്മെന്‍റിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് നേരത്തെ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. കോളജിന്‍റെ നടപടികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും വിജിലൻസ് ശുപാർശ ചെയ്തു. അതേസമയം ഗുരുതരമായ ക്രമക്കേടുകൾ പുറത്ത് വന്നിട്ടും എസ്.ആർ മെഡിക്കൽ കോളജിനെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണെന്ന ആരോപണം ശക്തമാവുകയാണ്. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാമെന്ന് മാത്രമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Also read: എസ്.ആര്‍ മെഡിക്കല്‍ കോളജിലെ ക്രമക്കേടില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് മര്‍ദനം