LiveTV

Live

Kerala

മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ വീണ്ടും സമരത്തിലേക്ക്

സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി കലക്ട്രേറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തി

മൂലമ്പിള്ളിയില്‍  കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ വീണ്ടും സമരത്തിലേക്ക്

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള പാതക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി കലക്ട്രേറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തി. വികസനത്തിനായി കുടിയിറക്കപ്പെട്ട് 12 വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്നാണ് ഇവരുടെ ആരോപണം

എത്രയും വേഗം മൂലമ്പിള്ളി പാക്കേജ് പൂര്‍ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇടപ്പള്ളിയില്‍ നിന്നും കുടിയൊഴിപ്പിക്കപെട്ടവര്‍ ഇന്ന് കലക്ട്രേറ്റിനു മുന്‍പില്‍ ധര്‍ണ നടത്തിയത്. പുനരധിവാസ പാക്കേജ് പ്രകാരം ഇടപ്പള്ളിയില്‍ നിന്നും മൂലമ്പള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്ക് കാക്കനാട് തുതിയൂരിലാണ് സ്ഥലം നല്‍കിയത്. എന്നാല്‍ ഈ ഭൂമി വാസയോഗ്യമല്ലെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന പ്രധാന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കിയില്ലങ്കില്‍ വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം. ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് ധര്‍ണ അവസാനിപ്പിച്ചത്. 2008ലാണ് ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെ വല്ലാര്‍പാടെ കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി കുടിയിറക്കിയത്.