LiveTV

Live

Kerala

തൃശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവം; ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തും

തൃശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവം; ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തും

എക്സൈസിന്റെ കസ്റ്റഡിയിലിരിക്കെ കഞ്ചാവ് കേസ് പ്രതി മരിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ മേല്‍ കൊലക്കുറ്റം ചുമത്തും. മര്‍ദനമാണ് മരണകാരണമെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തുന്നത്. പോസ്റ്റ് മാര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.

ആന്തരിക രക്ത സ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിശദമായ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ പൊലീസിന് കൈമാറും. മരിച്ച രന്‍ജിത്ത് കുമാറിന്റെ തലക്ക് പിറകില്‍ മുറിവുണ്ട്, മുതുകിലും തലയിലും മര്‍ദനത്തെ തുടര്‍ന്നുള്ള ക്ഷതങ്ങളുമുണ്ട്.

കഞ്ചാവുമായി പിടിയിലായ തിരൂര്‍ സ്വദേശി രന്‍ജിത്ത് കുമാറിന് എക്സൈസിന്റെ കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദനമേറ്റുവെന്നതിന്റെ തെളിവാകുകയാണ് പോസ്റ്റ് മാര്‍ട്ടം. രന്‍ജിത്തിനെ പിടി കൂടുമ്പോള്‍ സംഘത്തിലുണ്ടായ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഉദ്യോഗസ്ഥരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഗുരുവായൂരില്‍ നിന്ന് രന്‍ജിത്തിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് എക്സൈസിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ തിരൂരില്‍ നിന്നാണ് രന്‍ജിത്തിനെ പിടികൂടിയതെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോള്‍ പരിശോധന ഇതിന്റെ സ്ഥിരീകരണത്തിനാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് കണ്ട ശേഷം മറ്റ് കാര്യങ്ങള്‍ പറയാമെന്ന് എക്സൈസ് മന്ത്രി പ്രതികരിച്ചപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

സംഭവത്തില്‍ എക്സൈസ് വകുപ്പ് വകുപ്പ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.