LiveTV

Live

Kerala

വര്‍ക്കല എസ്.ആർ മെഡിക്കല്‍ കോളജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന് വിജിലന്‍സ് ശിപാര്‍ശ  

കോളജിലെ വിദ്യാര്‍ഥികളെ മറ്റു കോളജിലേക്ക് മാറ്റണമെന്നും വിജിലന്‍സ് ശിപാർശ ചെയ്യുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

വര്‍ക്കല എസ്.ആർ മെഡിക്കല്‍ കോളജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന് വിജിലന്‍സ് ശിപാര്‍ശ  

വിദ്യാര്‍ഥികളില്‍‌ നിന്ന് ഭീമമായ ഫീസ് വാങ്ങിയ ശേഷം ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാതിരുന്ന വര്‍ക്കല എസ്.ആർ മെഡിക്കല്‍ കോളജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന് വിജിലന്‍സ് ശിപാര്‍ശ. കോളജിലെ വിദ്യാര്‍ഥികളെ മറ്റു കോളജിലേക്ക് മാറ്റണമെന്നും വിജിലന്‍സ് ശിപാർശ ചെയ്യുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

വർക്കല എസ്.ആർ കോളജില്‍ അടിമുടി ക്രമക്കേടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം കെട്ടി, മെഡിക്കല്‍ കൗണ്‍സിലര്‍ പറയുന്ന ഡോക്ടര്‍മാരില്ല, രോഗികളില്ല, ജീവനക്കാരില്ല, എന്തിന് പ്രിന്‍സിപ്പല്‍ നിയമനം വരെ തെറ്റാണ്, വിജിലന്‍സ് പരിശോധന നടന്ന ദിവസം കണ്ടതില്‍ കൂടുതലും വാടക രോഗികള്‍, കെ.എസ്.ഇ.ബി കണക്ഷന്‍ പോലുമില്ല. ഇങ്ങനെ വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന കോളജിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് വിജിലന്സിന്റെ പ്രധാന ശിപാര്‍ശ.

അടിസ്ഥാന സൗകര്യമില്ലാത്ത കോളജിലെ തുടര്‍ പഠനം വിദ്യാര്‍ത്ഥികളുടെ ഭാവി തുലക്കും. അതിനാല്‍ മറ്റു കോളജിലേക്ക് വിദ്യാർഥികളെ മാറ്റുന്നതാണ് ഉത്തമം. അനുമതിയില്ലാത്ത കെട്ടിടം പണിതതിന് പഞ്ചായത്ത് ഡയറക്ടര്‍ നടപടിയെടുക്കണം. വ്യാജരേഖകള്‍ സമർപ്പിച്ചതിന് കോളജ് ചെയര്‍മാന്‍ ഷാജിക്കെതിരെ വർക്കല പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്യുന്നു.

കോളജിനെതിരെ വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. വിദ്യാർഥികളുടെ പരാതി നൂറു ശതമാനം ശരിയാണെന്ന് തെളിയിക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോർട്ട് വന്നിരിക്കെ സർക്കാർ എന്ത് നടപടി സ്വീകരിക്കുന്നു എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.