LiveTV

Live

Kerala

ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണം; മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കും

ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണം; മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കും

ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണം; മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കും

കോഴിക്കോട് കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണത്തില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കും. നാല് മൃതദേഹങ്ങളാണ് ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധിക്കുക. വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസും അടുത്ത ബന്ധുക്കളുമായ ആറുപേരാണ് വര്‍ഷങ്ങളടുടെ ഇടവേളകളില്‍ ദുരൂഹമായി മരിച്ചത്. ഫോറന്‍സിക് സയന്‍റിഫിക് വിഭാഗം വിദഗ്ധര്‍ മൃതദേഹം നാളെയാണ് പുറത്തെടുത്ത് പരിശോധിക്കുക.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. 2002ല്‍ കുഴഞ്ഞുവീണായിരുന്നു മരണം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുഴഞ്ഞ് വീണുതന്നെ ടോം തോമസും മരിക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം ടോം തോമസിന്‍റെ മകന്‍ റോയിയും പിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. ഇതിന് പിന്നാലെ ഷാജുവിന്‍റെ പത്ത് മാസം പ്രായമായ കുഞ്ഞും അതിന് ആറുമാസത്തിന് ശേഷം ഭാര്യ സിലിയും കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ടോം തോമസിന്‍റെ രണ്ടാമത്ത മകന്‍ റോജോയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി പരാതി നല്‍കിയത്. മരിച്ച റോയിയുടെ വയറ്റില്‍ നിന്നും സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നതായും പരാതിയില്‍ ആരോപണമുണ്ട്. പരാതി പരിശോധിച്ച പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ കൊലപാതക സാധ്യതയുണ്ടെന്ന് റിപ്പോ‍‌ര്‍ട്ട് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കല്ലറ പൊളിച്ച് പരിശോധന നടത്തുന്നതിന് ക്രൈംബ്രാഞ്ച് സംഘത്തിന് പള്ളി അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ട്. മരിച്ച നാലുപേരെ കൂടത്തായി സെമിത്തേരിയിലും മറ്റ് രണ്ട് പേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് സംസ്കരിച്ചത്. ആവശ്യമാണെങ്കില്‍ കോടഞ്ചേരി പള്ളി സെമിത്തേരിയിലും പരിശോധന നടത്താനാണ് ക്രൈബ്രാഞ്ച് സംഘത്തിന്‍റെ തീരുമാനം.