LiveTV

Live

Kerala

സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാര്‍ച്ച്; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എ.സി.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്

സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാര്‍ച്ച്; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. എല്‍ദോ എബ്രഹാം എം.എല്‍.എയും പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ജൂലൈ 23ന് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.

സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എ.സി.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഹരജിയിലെ ആരോപണം. മാര്‍ച്ചിന് ശേഷം പൊലീസ് തങ്ങളെ അനാവശ്യമായി മര്‍ദിക്കുകയാണ് ചെയ്തത്. ഇതിനെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലുമായി. ലാത്തിച്ചാര്‍ജ് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. രാഷ്ട്രീയപരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് തങ്ങള്‍ക്കെതിരെയുള്ളതെന്നും അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും അന്ന് തന്നെ മജിസ്‌ടേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.