LiveTV

Live

Kerala

തകര്‍ന്ന് തരിപ്പണമായി കോതമംഗലം താലൂക്കിലെ റോഡുകള്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍ 

നിര്‍മാണത്തിലെ അപാകതയാണ് പല റോഡുകളും തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു

തകര്‍ന്ന് തരിപ്പണമായി കോതമംഗലം താലൂക്കിലെ റോഡുകള്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍ 

കോതമംഗലം താലൂക്കിലെ കിഴക്കന്‍ മേഖലയിലെ റോഡുകള്‍ തകര്‍ന്നിട്ടും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. നിര്‍മാണത്തിലെ അപാകതയാണ് പല റോഡുകളും തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ പുതുപ്പാടിയിൽ നിന്നും ഊന്നുകല്ലില്‍ അവസാനിക്കുന്ന റോഡ് പല്ലാരിമംഗലം പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ റോഡിൽ അടിവാട് മുതൽ കൂവള്ളൂർ വരെയുള്ള ഭാഗം തകർന്നു കിടക്കുവാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഇതോടെപ്പം കിഴക്കൻ മേഖലയിലെ പ്രധാന റോഡുകളായ അടിവാട് - കുത്തുകുഴി, അടിവാട് - കോഴിപ്പിള്ളി, കുടമുണ്ട - മടിയൂർ തുടങ്ങി മുഴുവൻ റോഡുകളും പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. നാട്ടുകാർ നൽകിയ പരാതികളിൽ നടപടി ഉണ്ടായിട്ടില്ലന്നും ആക്ഷേപമുണ്ട്. അടിവാട് - കോഴിപ്പിള്ളി റോഡിൽ പിടവൂർ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്ന് യാത്ര ദുരിതമായിരിക്കുകയാണ്. നാട്ടുകാരുടെ പരിശ്രമഫലമായി വലിയ കുഴികൾ കഴിഞ്ഞ ദിവസംനികത്തിയിരുന്നു. നിർമ്മാണത്തിലെ അപാകത മൂലമാണ് പലയിടത്തും റോഡുകള്‍ തകരാന്‍ കാരണമെന്ന ആക്ഷേപമാണ് ഉയരുന്നത്.

ഊന്നുകൽ - തൊടുപുഴ സംസ്ഥാന പാതയിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പോത്താനിക്കാട് സെക്ഷന്റെ കീഴിലാണ് പല്ലാരിമംഗലം പഞ്ചായത്തിലെ റോഡുകൾ. അവയുടെ അറ്റകുറ്റപണികൾക്ക് പൊതുമരാമത്ത് വകുപ്പ് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നാണ് ആക്ഷേപം.