LiveTV

Live

Kerala

ആര്‍ക്കും കുത്തക അവകാശപ്പെടാനാവാത്ത വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവ് എന്ന പേരില്‍ മണ്ഡലം രൂപീകൃതമായ ശേഷം രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ആണ് വിജയിച്ചതെങ്കിലും പഴയ മണ്ഡലമായ തിരുവനന്തപുരം നോര്‍ത്തില്‍ കൂടുതല്‍ തവണ വിജയിച്ചത് ഇടതുമുന്നണിയാണ്.

ആര്‍ക്കും കുത്തക അവകാശപ്പെടാനാവാത്ത വട്ടിയൂര്‍ക്കാവ്

ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് കുത്തക അവകാശപ്പെടാവുന്ന സീറ്റല്ല വട്ടിയൂര്‍ക്കാവ്. വട്ടിയൂര്‍ക്കാവ് എന്ന പേരില്‍ മണ്ഡലം രൂപീകൃതമായ ശേഷം രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ആണ് വിജയിച്ചതെങ്കിലും പഴയ മണ്ഡലമായ തിരുവനന്തപുരം നോര്‍ത്തില്‍ കൂടുതല്‍ തവണ വിജയിച്ചത് ഇടതുമുന്നണിയാണ്. ബി.ജെ.പി കൂടി ശക്തമായ സാന്നിധ്യമുറപ്പിച്ച ശേഷമാണ് മണ്ഡലം ഇടതുമുന്നണിയെ കൈവിട്ടത്.

1977ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം രൂപീകൃതമായ ശേഷം നടന്ന എട്ട് തെരഞ്ഞെടുപ്പുകളില്‍ അ‍ഞ്ചിലും വിജയം എല്‍.ഡി.എഫിനായിരുന്നു. അതില്‍ തന്നെ നാല് തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിന്റെ എം വിജയകുമാര്‍. 87 മുതല്‍ 96 വരെ ഹാട്രിക് വിജയം. 2001ല്‍ ഇപ്പോഴത്തെ സ്ഥാനാര്‍ഥി യു.ഡി.എഫിന്റെ മോഹന്‍കുമാറിനോട് തോറ്റെങ്കിലും 2006ല്‍ തിരിച്ചടിച്ചു.

2011ലാണ് ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ വേര്‍പെടുത്തി തിരുവനന്തപുരം നോര്‍ത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലമായി മാറുന്നത്. പിന്നെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ വിജയിച്ചു. എന്നാല്‍ 2011ല്‍ 16167 ആയിരുന്ന മുരളിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണ പകുതിയായി കുറഞ്ഞു. നിര്‍ണായകമായത് ബി.ജെ.പിയുടെ മുന്നേറ്റമാണ്. ക്ഷീണമുണ്ടായത് എല്‍.ഡി.എഫിനും. 2001ല്‍ 35.8 ശതമാനമുണ്ടായിരുന്ന വോട്ട് 29.8 ശതമാനമായി കുറഞ്ഞു.

വിജയിച്ചെങ്കിലും യു.ഡി.എഫിനും വലിയ നഷ്ടമുണ്ടായി. 50 ശതമാനം കിട്ടിയിരുന്നത് 37.8 ആയി. ബി.ജെ.പി 12 ശതമാനത്തില്‍ നിന്ന് 32.1 ശതമാനത്തിലേക്ക് കുതിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആകെ 24 വാര്‍ഡുകള്‍ ചേര്‍ന്ന മണ്ഡലത്തില്‍ 10ലും എല്‍.ഡി.എഫിന്റെ കൌണ്‍സിലര്‍മാരാണ്. എട്ടില്‍ ബി.ജെ.പിയും ആറില്‍ യു.ഡി.എഫും. എന്നിട്ടും ലോക്സഭയില്‍ എല്‍.ഡി.എഫ് ഇവിടെ ബഹുദൂരം പിന്നിലായി. പക്ഷെ, തദ്ദേശ തെരഞ്ഞെടുപ്പ് പോലെയല്ല ലോക്സഭയിലെ വോട്ടിങ് പാറ്റേണ്‍. അതുപോലെയല്ല നിയമസഭാ തെരഞ്ഞെടുപ്പും.