LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന് സബ് കലക്ടര്‍

ഒഴിയാൻ തയ്യാറാവാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് സബ് കലക്ടർ പറഞ്ഞു. ഒഴിയാൻ 15 ദിവസം കൂടി വേണമെന്നും ഇത് അനുവദിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന് സബ് കലക്ടര്‍

മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ താമസക്കാർക്ക് കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ലെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ. ഒഴിയാൻ തയ്യാറാവാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നും സബ് കലക്ടർ പറഞ്ഞു. ഒഴിയാൻ 15 ദിവസം കൂടി വേണമെന്നും ഇത് അനുവദിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

ഫ്ലാറ്റുകൾ ഒഴിയാൻ അനുവദിച്ച സമയ പരിധി നാളെ അവസാനിക്കാനിരിക്കെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയാണ്. മതിയായ സൗകര്യത്തോടെ പുനരധിവാസം ലഭിച്ചില്ലെങ്കിൽ ഒഴിയാൻ തയ്യാറാവില്ല എന്ന നിലപാടിലാണ് ചില ഫ്ലാറ്റുടമകൾ. മാത്രമല്ല ഒഴിയാൻ 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ഇവർ പറയുന്നു.

എന്നാൽ സുപ്രീംകോടതി വിധി വേഗത്തിൽ നടപ്പിലാക്കേണ്ടതിനാൽ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ പറഞ്ഞു. നേരത്തെ ഫ്ലാറ്റുകൾ സന്ദർശിക്കാനത്തിയ നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ ഫ്ലാറ്റുടമകൾ പ്രതിഷേധിച്ചിരുന്നു. ഒഴിയാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ പുനസ്ഥാപിച്ച വെള്ളം, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.