LiveTV

Live

Kerala

‘’അവനെ കൊന്നതു തന്നെയാണ്...’’

എന്തുകൊണ്ടാണ് ബാലഭാസ്കറിന്‍റെ മരണം ഒരു ആസൂത്രിത കൊലപാതകമെന്ന് താന്‍ ഇപ്പോഴും  ഉറച്ചു വിശ്വസിക്കുന്നതെന്ന് മീഡിയ വണ്ണിനോട് മനസ്സുതുറക്കുകയാണ് ബാലഭാസ്കറിന്‍റെ പിതാവായ കെ. സി ഉണ്ണി...

‘’അവനെ കൊന്നതു തന്നെയാണ്...’’

2018 സെപ്തംബര്‍ 25 നായിരുന്നു ആ അപകടം നടന്നത്... തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഇന്നോവ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപത്തായി ഒരു മരത്തിലിടിച്ചുണ്ടായ അപകടം. മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ബാലഭാസ്കര്‍ ഒരാഴ്ചയോളം മരണത്തോട് മല്ലിട്ട് ഒക്ടോബര്‍ 2 ന് പുലര്‍ച്ചയോടെ വിടവാങ്ങി. ഭാര്യ ലക്ഷ്മി ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നു...

ബാലഭാസ്കറിന്‍റെ വിയോഗത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴും ഈ അച്ഛന്‍റെ മനസ്സിലെ വേദനയ്ക്ക് കുറവൊന്നുമില്ല. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ബാലഭാസ്കറിന്‍റെ മരണം അപകടമാണെന്ന് പറയുമ്പോഴും അത് വിശ്വസിക്കാന്‍ ഇനിയും പിതാവ് തയ്യാറല്ല... എന്തുകൊണ്ടാണ് അതൊരു ആസൂത്രിത കൊലപാതകമെന്ന് താന്‍ ഇനിയും ഉറച്ചു വിശ്വസിക്കുന്നതെന്ന് മീഡിയ വണ്ണിനോട് മനസ്സുതുറക്കുകയാണ് ബാലഭാസ്കറിന്‍റെ പിതാവായ കെ. സി ഉണ്ണി... തന്നോട് ബാലുവിന് വലിയ സ്നേഹമായിരുന്നുവെന്നും തങ്ങള്‍ സുഹൃത്തുക്കളെപ്പോലെയായിരുന്നുവെന്നും ഈ അച്ഛന്‍ പറയുന്നു...

അന്ന് സംഭവിച്ചത്...

‘’അപകടം നടന്ന അന്ന് രാത്രി അവന്‍ വരുന്നില്ലെന്ന് പറഞ്ഞാണ് വിളിച്ചത്... പിറ്റേ ദിവസമാണ് വരുന്നത് എന്നാണ് പറഞ്ഞത്. ഹോട്ടലില്‍ റൂമെടുത്ത് അവിടെ താമസിക്കുകയാണ് എന്നും പറഞ്ഞു. പിന്നെയെന്തിനാണ് അവന്‍ അന്ന് രാത്രി തന്നെ മടങ്ങിയത്.... അവനെ ഒന്നുകില്‍ ആരോ നിര്‍ബന്ധിച്ച്, അല്ലെങ്കില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയോ, മര്‍ദ്ദിച്ചോ അവശനാക്കി എങ്ങനെയോ കാറില്‍ കയറ്റിയതാണ്... പാലക്കാട്ടെ പൂന്തോട്ടം ആയുര്‍വേദാശ്രമത്തിന്‍റെ ഉടമയുടെ ബന്ധുവിന്‍റെ വീട്ടില്‍ നിന്നാല്‍ അന്ന് അവര്‍ ഭക്ഷണം കഴിച്ചത്...

ട്രാഫിക് പൊലീസിന്‍റെ കാമറയില്‍ അന്ന് കാര്‍ വന്നത് അമിത വേഗതയിലായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബാലഭാസ്കര്‍ പുറകിലെ സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെങ്കിലും, മുമ്പിലെ സീറ്റില്‍ കുഞ്ഞിനെയും മടിയില്‍ വെച്ച് ഇരിക്കുന്ന ലക്ഷ്മി കാറിന്‍റെ സ്പീഡ് കുറയ്ക്കാന്‍ പറയേണ്ടതല്ലേ.. അപ്പോള്‍ അവളും ഉറങ്ങിപ്പോയിക്കാണണം.. മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം അവളും കഴിച്ചിരിക്കണം.

അത് എന്‍റെ മോനെ കൊല്ലാന്‍ വേണ്ടി ഉണ്ടാക്കിയ അപകടം തന്നെയാണ്.. വണ്ടി കൊണ്ടുപോയി ഇടിച്ചതാണെങ്കില്‍ ഡ്രൈവറുടെ പരിക്കും ഗുരുതരമാവണ്ടേ..

എന്തുകൊണ്ട് ഡ്രൈവര്‍ അര്‍ജ്ജുനനെ സംശയിക്കുന്നു..

രണ്ട് പേര്‍ മരിച്ച അപകടത്തില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അര്‍ജ്ജുന് കാല്‍മുട്ടിന് മാത്രം പരിക്ക് പറ്റുന്നത് എങ്ങനെയാണ്.. അവന്‍ ക്രിമിനലാണ്.. അവന്‍റെ പേരില്‍ നിരവധി കേസുകളുണ്ട്... എം.ടി.എം കൊള്ളക്കേസില്‍ അവന്‍ പ്രതിയാണ്.... നാഗമാണിക്യം തട്ടിപ്പ് കേസില്‍ പ്രതിയാണ്.. സ്വര്‍ണം പൂശിയ ബിസ്കറ്റ് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്, ട്രാഫിക് നിയമലംഘന കേസുകളില്‍ അവന്‍ പിഴയടച്ചിട്ടുണ്ട്..

‘’അവനെ കൊന്നതു തന്നെയാണ്...’’

സാക്ഷിമൊഴിയെല്ലാം കള്ളമാണെന്ന് പറയുന്നതിന് കാരണം...

ആദ്യമാദ്യം സാക്ഷി പറഞ്ഞവരെല്ലാം പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായി പിന്നീട് വന്നില്ലേ.. ബാലുവാണ് വണ്ടി ഓടിച്ചതെന്നാണ് ആദ്യം കുറേ പേര് പറഞ്ഞത്.. ഒരു കെഎസ്ആര്‍ടിസി ഡ്രൈവറൊക്കെ അങ്ങനെ പറഞ്ഞിരുന്നു... അവര്‍ക്കൊക്കെ മറ്റെന്തെങ്കിലും താത്പര്യം കാണും. അവരെക്കൊണ്ട് ആരെങ്കിലും പറയിപ്പിച്ചതാണോ എന്നൊക്കെ സംശയമുണ്ട്.. അര്‍ജ്ജുന്‍ ആണ് വണ്ടിയോടിച്ചതെന്ന് അവന്‍ തന്നെ സമ്മതിച്ചാണ്... പിന്നീട് അര്‍ജ്ജുന്‍ അത് മാറ്റി, ബാലുവാണ് വണ്ടിയോടിച്ചതെന്ന് മൊഴി കൊടുക്കുന്നു.. അത് അവന്‍ ഏതോ വക്കീല്‍ പറഞ്ഞുകൊടുത്ത ബുദ്ധിയാവും. ബാലുവും ഭാര്യയും മരിച്ചുപോകും.. അപ്പോ പിന്നെ കാറോടിച്ചത് ആരാണെന്നതിന് തെളിവില്ലാതെയാകും എന്നൊക്കെയാണ് അവര്‍ കരുതിയത്. അര്‍ജ്ജുനനെ പോലെ ഒരു ക്രിമിനലിന് കള്ളം പറയാനാണോ പ്രയാസം...

ബാലഭാസ്കറിന്‍റെ സഹായികളായ പ്രകാശ് തമ്പിക്കും വിഷ്ണുവിനും അപകടത്തില്‍ പങ്കുണ്ട് എന്നാണോ?

അവര്‍ക്ക് ബാലുവിനോട് ഒട്ടും ആത്മാര്‍ത്ഥത ഉണ്ടായിരുന്നില്ല.. അവന് രണ്ട് മാനേജര്‍മാരുടെയൊന്നും ഒരു ആവശ്യവുമില്ല... അവരെ അവന്‍ നിയമിച്ചതൊന്നുമല്ല.... ഒട്ടിനിന്നുനിന്ന് അവര്‍ ആ ജോലിയങ്ങ് ഏറ്റെടുത്തതാണ്... അതിന് മുമ്പ് ഞാനാണ് അവന്‍റെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത്... എനിക്ക് ഇടയ്ക്ക് ഒരു സ്ട്രോക്കുവന്ന് കിടപ്പായിപ്പോയി..

‘’അവനെ കൊന്നതു തന്നെയാണ്...’’

സ്വര്‍ണകള്ളക്കടത്തു കേസില്‍ ബാലഭാസ്കറിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?

‘’ഈ സ്വര്‍ണക്കള്ളക്കടത്തുകാരുടേത് ഒരു വലിയ ഗ്യാങ്ങാണ്.. ഇനി ചിലപ്പോ ബാലു ഇവരുടെ ഇടപെടലിനെ കുറിച്ച് ഏതെങ്കിലും വിധത്തില്‍ അറിഞ്ഞതുകൊണ്ട് അവനെ തട്ടിക്കളഞ്ഞതാണോ എന്നറിയില്ല. അങ്ങനെയൊക്കെ നമ്മള്‍ കേള്‍ക്കുന്നതല്ലേ.. ഇത്തരത്തിലുള്ള ഗ്യാങ്ങുകള്‍ അവരുടെ വിവരങ്ങള്‍ ആരെങ്കിലും അറിഞ്ഞാല്‍ കൊന്നുകളയുമെന്ന കഥകള്‍ ബോംബെയിലൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്.. ചില സിനിമകളില്‍ കണ്ടിട്ടുമുണ്ട്.. അല്ലെങ്കില്‍ അവനോട് കാശ് വാങ്ങിയവര്‍ ആരോ അത് തിരിച്ചുകൊടുക്കാതിരിക്കാന്‍ ചെയ്തതാണ്..

ഇത്തരം ആരോപണമൊന്നും ഉന്നയിക്കരുതെന്ന് പറഞ്ഞ് ചിലര്‍ ബ്ലാക്‍മെയില്‍ ചെയ്യുന്നുണ്ട്.. ഇതൊക്കെ കുത്തിപ്പൊക്കിയാല്‍ അവന്‍ സ്വര്‍ണക്കടത്തു കേസിന്‍റെ ഭാഗമായിരുന്നുവെന്ന് വന്നാല്‍ അത് അവന് നാണക്കേടല്ലേ എന്ന് ചോദിക്കുന്നുണ്ട് ചിലര്‍... അവന്‍ അങ്ങനെ ചെയ്യില്ലെന്ന് എല്ലാവര്‍ക്കും അറിയാം.. ഇനി അങ്ങനെ തെളിഞ്ഞാല്‍ തന്നെ പ്രേതലോകത്തുപോയി അവനെ രണ്ടാമത് അറസ്റ്റ് ചെയ്ത് കൊണ്ടുവരാനൊന്നും കഴിയില്ലല്ലോ.. പക്ഷേ, അവന്‍റെ പേരും പറഞ്ഞ് ആരെയും രക്ഷപ്പെടാനൊന്നും ഞാന്‍ സമ്മതിക്കില്ല...’’

ലക്ഷ്മിയുമായി പിണക്കത്തിലാണോ?

എല്ലാവരും ഞങ്ങളെ അവളുടെ ശത്രുവായിട്ടാണ് കാണുന്നത്. ഞങ്ങളൊരു ശത്രുതയും കാണിച്ചിട്ടില്ല.. ഞങ്ങള്‍ സ്വത്തുപിടിച്ചെടുക്കാന്‍ പോകാണ് എന്നതാണ് മറ്റൊരു പബ്ലിസിറ്റി.. ഒരിക്കല്‍ ഞാനവിടെ പോയപ്പോള്‍ പൂന്തോട്ടം കുടുംബത്തിലെ ലതയെന്ന സ്ത്രീ അവിടെ ഉണ്ടായിരുന്നു.. അത് എനിക്ക് ഇഷ്ടമായില്ല.. അത് ഞാന്‍ ചോദ്യം ചെയ്തു.. അത് അവര്‍ക്ക് ഇഷ്ടമായില്ല.. പിന്നെ ഞാന്‍ വിളിച്ചപ്പോഴൊന്നും ലക്ഷ്മി എടുത്തതുമില്ല..

എനിക്കും ഭാര്യയ്ക്കും പെന്‍ഷന്‍ കിട്ടുന്നുണ്ട്.. ജീവിക്കാന്‍ അതുമതി.. അതുകൊണ്ട് സാമ്പത്തികമായി ആരുടെയും സഹായം ആവശ്യമില്ല..