LiveTV

Live

Kerala

പാലാരിവട്ടം പാലത്തിന്‍റെ ടെണ്ടറില്‍ തിരിമറി നടത്തിയെന്ന് വിജിലന്‍സ് 

പാലാരിവട്ടം പാലം നിര്‍മ്മാണ കരാര്‍ ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കാന്‍ ടെന്‍ഡര്‍ രേഖകളില്‍ തിരിമറി നടത്തിയതായി വിജിലന്‍സ് ഹൈക്കോടതിയില്‍.

പാലാരിവട്ടം പാലത്തിന്‍റെ ടെണ്ടറില്‍ തിരിമറി നടത്തിയെന്ന് വിജിലന്‍സ് 

പാലാരിവട്ടം പാലം നിര്‍മ്മാണ കരാര്‍ ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കാന്‍ ടെന്‍ഡര്‍ രേഖകളില്‍ തിരിമറി നടത്തിയതായി വിജിലന്‍സ് ഹൈക്കോടതിയില്‍. അഴിമതി കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷകള്‍ മറ്റന്നാള്‍ പരിഗണിക്കാനായി കോടതി മാറ്റി. പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണത്തിനായി ആര്‍.ഡി.എസ് കമ്പനി 47 കോടിയും ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് 42 കോടിയുമാണ് ടെണ്ടറില്‍ രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ ആര്‍.ഡി.എസ് 13.4 ശതമാനം റിബേറ്റ് നല്‍കുമെന്ന് ടെന്‍ഡര്‍ രേഖയില്‍ എഴുതി ചേര്‍ത്തു. അങ്ങനെയാണ് കുറഞ്ഞ ക്വട്ടേഷനെന്ന് രേഖപ്പെടുത്തി ആര്‍.ഡി.എസിന് കരാര്‍ നല്‍കിയത്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് രേഖകളില്‍ തിരിമറി നടത്തിയിട്ടുള്ളത്. ഇത് കൈയ്യക്ഷരം പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. ടെണ്ടര്‍ നടപടി അവസാനിച്ച ശേഷമാണ് ഇത്തരത്തില്‍ ക്രിത്രിമം കാണിച്ചത്. ഇതേകുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

കേസില്‍ ടി.ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി . ഒന്നാം പ്രതി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം. ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.