LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ദേശീയ പാത ഉദ്യോഗസ്ഥർക്ക് ഗഡ്കരിയുടെ ശാസന 

മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ വെച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ശാസിച്ച് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ദേശീയ പാത ഉദ്യോഗസ്ഥർക്ക് ഗഡ്കരിയുടെ ശാസന 

മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ വെച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ശാസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദേശീയ പാത ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുമെന്ന ധാരണ ഉത്തരവായി ഇറക്കാത്തതിലായിരുന്നു കേന്ദ്രമന്ത്രി അതൃപ്തി അറിയിച്ചത്. അനാസ്ഥ തുടർന്നാൽ സസ്പെൻഷൻ ഏറ്റു വാങ്ങേണ്ടി വരുമെന്നും നിതിൻ ഗഡ്കരി മുന്നറിയിപ്പ് നൽകി.

ദേശീയ പാത വികസനം സംബന്ധിച്ച തുടർനടപടികൾ നീണ്ടുപോകുന്നത് സംബന്ധിച്ച നിവേദനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ അടുത്തെത്തിയത്. പരാതി ഉന്നയിക്കും മുൻപുതന്നെ വിഷയം തിരിച്ചറിഞ്ഞ കേന്ദ്രമന്ത്രി രൂക്ഷഭാഷയിലാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ശാസിച്ചത്. ഒരു മുഖ്യമന്ത്രിക്ക് ഒരു ആവശ്യവുമായി ആവർത്തിച്ച് ഡൽഹിയിൽ എത്തേണ്ടിവരുന്നത് അപമാനകരമാണ്. ദേശീയ പാത ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുമെന്ന ധാരണ ഉത്തരവായി ഉടൻ ഇറക്കണം.

അല്ലാത്തപക്ഷം സസ്പെൻഷൻ നേരിടേണ്ടിവരുമെന്നും കേന്ദ്ര മന്ത്രി മുന്നറിയിപ്പ് നൽകി. ദേശീയപാത വികസനം വൈകാൻ കാരണം ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണെന്ന് വ്യക്തമാകുന്നു എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഉത്തരവ് ഇറങ്ങിയാൽ ഒൻപതാം തീയതി കരാറിൽ ഒപ്പുവയ്ക്കും എന്നാണ് വിവരം. കുതിരാൻ തുരങ്കം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും സാഗർ മാല പദ്ധതിയുമായി ബന്ധപ്പെട്ട് പതിനൊന്ന് തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗഡ്ക്കരി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.