LiveTV

Live

Kerala

പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ തന്നിഷ്ടക്കാര്‍ക്ക് വിതരണം ചെയ്തെന്ന് പരാതി; കലക്ഷന്‍ സെന്‍റര്‍ പൂട്ടി

യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ പോത്തുകല്ലിലെ കലക്ഷന്‍ സെന്ററിന് മുന്നിൽ പ്രതിഷേധം.

പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ തന്നിഷ്ടക്കാര്‍ക്ക് വിതരണം ചെയ്തെന്ന് പരാതി; കലക്ഷന്‍ സെന്‍റര്‍ പൂട്ടി

പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച സാധനങ്ങള്‍ തന്നിഷ്ടക്കാര്‍ക്ക് വിതരണം ചെയ്യുന്നുവെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ പോത്തുകല്ലിലെ കലക്ഷന്‍ സെന്ററിന് മുന്നിൽ പ്രതിഷേധം. പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രം ബഹളത്തെ തുടർന്ന് പോലീസ് പൂട്ടി. കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി.

ദുരിത ബാധിതർ സാധനങ്ങള്‍ ആവശ്യപ്പെടുമ്പോഴെല്ലാം തീര്‍ന്നുപോയെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്നതെന്നാണ് യു.ഡി.എഫ് മെമ്പർമാരുടെ ആക്ഷേപം. ശേഖരിച്ച വസ്തുക്കൾ ഇടതുപക്ഷ അനുകൂലികളുടെ വീടുകളിലേക്ക് എത്തിക്കുന്നതായും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിക്കുന്നു. മെമ്പർമാർ നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവർ പ്രതിഷേധിച്ചത്.

കേന്ദ്രം പൂട്ടിയതോടെ ഇടത് അനുകൂലികളും കേന്ദ്രത്തിന് സമീപമെത്തി. വാക്കേറ്റം കനത്തതോടെ പോത്തുകല്‍ എസ്.ഐ കെ. അബ്ബാസിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെിയിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കേന്ദ്രത്തിന് പൊലീസ് താഴിട്ടു. അടുത്ത ദിവസം കലക്ടറുടെ തീരുമാനപ്രകാരം ശേഖരിച്ച വസ്തുക്കള്‍ വിതരണം ചെയ്താൽ മതിയെന്നാണ് നിര്‍ദേശം.