LiveTV

Live

Kerala

ബദൽ പാത പ്രായോഗികമല്ല; ബന്ദിപ്പൂര്‍ യാത്രാനിരോധന വിഷയം പഠിക്കാന്‍ വിദഗ്ധ സമിതി 

ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണമായും യാത്രനിരോധനം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാറില്‍ ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടത്.

ബദൽ പാത പ്രായോഗികമല്ല; ബന്ദിപ്പൂര്‍ യാത്രാനിരോധന വിഷയം പഠിക്കാന്‍ വിദഗ്ധ സമിതി 

ബന്ദിപൂര്‍ യാത്രാ നിരോധനം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സമിതിക്ക് മുന്നില്‍ കേരളത്തിന്റെ അഭിപ്രായം പറയാം, സമതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്രം മുന്നോട്ട് വെച്ച ബദല്‍പാത പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

സമിതി രൂപീകരണം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണമായും യാത്രനിരോധനം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാറില്‍ ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടത്. രാവിലെ വയനാട് എംപി രാഹുല്‍ഗാന്ധി ജനങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.

പിന്നാലെയായിരുന്നു മുഖ്യമന്ത്രി കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറുമായി ചര്‍ച്ച നടത്തിയത്. പകരം നിര്‍ദ്ദേശിച്ചിരിക്കുന്ന തോല്‍പ്പെട്ടി - നാഗര്‍ ഹോള സംസ്ഥാന പാതയെ ദേശീയ പാതയാക്കി പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദ്ദേശത്തിന്‍റെ ബുദ്ധിമുട്ടും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. 40 കി.മി. അധിക യാത്ര ആവശ്യമുള്ള ഈ പാത വിവിധ സ്ഥലങ്ങളില്‍ വനത്തിലൂടെയാണ് കടന്നു പോകുന്നത്. ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

അതേസമയം ബന്ദിപ്പൂര്‍ ദേശീയപാത അടച്ചിടുമെന്ന ആശങ്കയെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയേറുകയാണ്. സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് ജില്ലയിലെ വിദ്യാര്‍ഥികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റാലി നടത്തി.