LiveTV

Live

Kerala

ബന്ദിപൂർ പാത പൂർണമായി അടക്കാനുള്ള നീക്കത്തിനെതിരെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണും

ബന്ദിപൂർ പാത പൂർണമായി അടക്കാനുള്ള നീക്കത്തിനെതിരെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

ബന്ദിപൂർ പാത പൂർണമായി അടക്കാനുള്ള നീക്കത്തിനെതിരെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണും. വനം മന്ത്രി പ്രകാശ് ജാവ്ഡേക്കറുമായും അദ്ദേഹം കൂടിക്കാഴ്ചക്ക് അനുമതി തേടിയിട്ടുണ്ട്. വയനാട് എം.പി രാഹുൽ ഗാന്ധി ഒമ്പത് മണിക്ക് കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് ജനങ്ങളുടെ ആശങ്ക അറിയിക്കും. ബന്ദിപൂർ പാതയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയിട്ട് വർഷങ്ങൾ പിന്നിട്ടു. പകൽ കൂടി നിരോധനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി വാക്കാല്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് പ്രതിഷേധം അനുദിനം ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ഡൽഹിയിലെ തിരക്കിട്ട കൂടിക്കാഴ്ചകൾ. യാത്ര നിരോധം മാറ്റിയില്ലെങ്കിൽ എലിവേറ്റഡ് പാത എന്നതാണ് സംസ്ഥാന സർക്കാറിന്‍റെ നിലപാട്. ഈ ആവശ്യം മുഖ്യമന്ത്രി കേന്ദ്ര വനം മന്ത്രി പ്രകാശ് ജാവദേക്കറിനോടും ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോടും ഉന്നയിക്കും. ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനവും കൈമാറും. സർക്കാർ തലത്തിലുള്ള പ്രശ്ന പരിഹാരത്തിന് സമ്മർദ്ദം ചെലുത്താനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയെ കാണുന്നതിലൂടെ ഉദ്ദേശിക്കുന്നത്. രാവിലെ കേരള ഹൌസിലെത്തിയാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയെ കാണുക. ഇന്നലെ എം.കെ രാഘവന്‍ എംപിയും ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണനും അടക്കമുള്ള സംഘം രാഹുല്‍ ഗാന്ധിയെ കണ്ട് നിലവിലെ സാഹചര്യം അറിയിച്ചിരുന്നു. എം. കെ രാഘവന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ മുതിര്‍ അഭിഭാഷകനെ നിയോഗിക്കുമെന്നും വ്യാഴാഴ്ച ബത്തേരിയിലെ സമരപന്തലിലെത്തുമെന്നും രാഹുല്‍ ഗാന്ധി നേതാക്കളെ അറിയിച്ചിരുന്നു.