LiveTV

Live

Kerala

ടി.ഒ സൂരജ് മൂന്നര കോടിയുടെ ക്രമക്കേട് നടത്തി; ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും വിജിലന്‍സ്  

2012-14 കാലയളവിൽ എറണാകുളത്ത് മകന്റെ പേരിൽ 3.3 കോടിക്ക് സ്ഥലം വാങ്ങിയെന്നും ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി.ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലൻസ്

ടി.ഒ സൂരജ് മൂന്നര  കോടിയുടെ ക്രമക്കേട് നടത്തി; ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും വിജിലന്‍സ്  

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വിജിലൻസ്. 2012-14 കാലയളവിൽ എറണാകുളത്ത് മകന്റെ പേരിൽ 3.3 കോടിക്ക് സ്ഥലം വാങ്ങിയെന്നും ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി.ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലൻസ് പറയുന്നു. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവർത്തിച്ചതായും വിജിലൻസ് കോടതിയെ അറിയിച്ചു.

2012-14 കാലഘട്ടത്തിൽ ടി.ഒ സൂരജ് പല ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014ൽ ഇടപ്പള്ളിയിൽ മകന്റെ പേരിൽ 15 സെന്റ് സ്ഥലവും വീടും വാങ്ങിയെന്നും കണ്ടെത്തിയെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.

3.30 കോടി രൂപയാണ് ഭൂമി വാങ്ങാൻ വിനിയോഗിച്ചതെങ്കിലും ആധാരത്തിൽ കാണിച്ചത് 1.4 കോടി രൂപ മാത്രമാണ്. ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തിൽ ടി.ഒ സൂരജ് സമ്മതിച്ചു. ടി.ഒ സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിജിലൻസിന്റെ വിശദീകരണം. കരാറുകാരന് നൽകിയ മുന്‍കൂര്‍ തുകയ്ക്ക് പലിശ കുറച്ചതുവഴി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വിജിലന്‍സ് കോടതിയിൽ സമർപ്പിച്ച റിപോര്‍ട്ടിലുണ്ട്.

ടി.ഒ സൂരജിനെ ജയിലെത്തി ചോദ്യം ചെയ്തപ്പോഴും മുന്‍മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ചുവെന്നും മന്ത്രിയുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇതിന് കൂടുതൽ സമയം വേണമെന്നുമാണ് വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട്.