LiveTV

Live

Kerala

പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐക്ക് 

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി.

പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐക്ക് 

കാസർകോട് പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. കൃപേഷ്, ശരത് ലാൽ വധം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ തന്നെ പ്രതികളായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു യുവാക്കൾ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് വ്യക്തമാണ്, അന്വേഷണം ഫലപ്രദവും കാര്യക്ഷമവും ആയിരുന്നില്ല, ഫോറൻസിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നും കോടതി കണ്ടെത്തി.

ഈ കുറ്റപത്രം പ്രകാരം വിചാരണ നടന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയില്ല, അന്വേഷണം നടന്നത് ലാഘവത്തോടെയായിരുന്നു, പ്രതികളെ അറസ്റ്റ് ചെയ്യുക ആയിരുന്നില്ല, അവർ കീഴടങ്ങുകയായിരുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണം ആണ് നടന്നത്, സാക്ഷികളേക്കാള്‍ ആദ്യപ്രതിയുടെ മൊഴി വിശ്വാസത്തിൽ എടുത്താണ് കുറ്റപത്രം തയാറാക്കിയത്, രാഷ്ട്രീയ കൊലപാതകം എന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ട്. പ്രതികൾ സംഭവ ശേഷം പാർട്ടി ഓഫീസിൽ പോയത് ഗൗരവത്തിൽ എടുത്തില്ലെന്നും ചൂണ്ടികാട്ടിയാണ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന് കോടതി അന്വേഷണ ചുമതല നൽകിയത്.