LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ എങ്ങനെ പൊളിക്കണമെന്ന കാര്യത്തില്‍ അവ്യക്തത

നിയന്ത്രിത സ്ഫോടനത്തിലൂടെ ആണോ ഫ്ലാറ്റുകൾ പൊളിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു.

മരടിലെ ഫ്ലാറ്റുകള്‍ എങ്ങനെ പൊളിക്കണമെന്ന കാര്യത്തില്‍ അവ്യക്തത

മരട് ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടിക്രമങ്ങളിൽ അവ്യക്തത തുടരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ ആണോ ഫ്ലാറ്റുകൾ പൊളിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു. മാറിതാമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപാർട്ട്മെൻറുകളിൽ ഒഴിവില്ല എന്ന ആരോപണവുമായി ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി. നിയമം ലംഘിച്ചല്ല ഫ്ലാറ്റ് നിര്‍മാണമെന്ന് കാണിച്ച് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.

ഫ്ലാറ്റ് പൊളിക്കുമ്പോഴുള്ള സുരക്ഷ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 12, 13, 14 തിയ്യതികളിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി യോഗം വിളിക്കും. പൊളിക്കല്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നഗരസഭയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സമീപത്തെ വീടുകൾക്കോ കെട്ടിടങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാര ബാധ്യത സർക്കാരോ പൊളിക്കുന്ന കമ്പനിയോ വഹിക്കണമെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ എന്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്നതിൽ അന്തിമ തീരുമാനമായില്ല.

അതേസമയം ഫ്ലാറ്റിൽ നിന്ന് ഒഴിയാനുള്ള കാലപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ ആശയക്കുഴപ്പം തുടരുകയാണ്. 520 ഫ്ലാറ്റുകളുടെ പട്ടിക ഉടമകൾക്ക് കൈമാറിയിരുന്നു. എന്നാൽ അപ്പാർട്ട്മെൻറുകളിൽ ഒഴിവില്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഉടമകൾ ആരോപിച്ചു. ഫ്ലാറ്റുകൾ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതാണെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ നൽകിയ ഹരജി സുപ്രീം കോടതി തള്ളി.