LiveTV

Live

Kerala

ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ; കൊലപാതകത്തിന് തെളിവില്ല

നെഹ്‌റു കോളജ് ചെയർമാൻ പി.കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ; കൊലപാതകത്തിന് തെളിവില്ല

ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സി.ബി.ഐ. നെഹ്‌റു കോളജ് ചെയർമാൻ പി.കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം.

ആദ്യം ലോക്കൽ പോലീസും പിന്നെ ക്രൈംബ്രാഞ്ചുമന്വേഷിച്ച കേസ് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ അന്വേഷണത്തിലേക്ക് നീങ്ങിയത്. തുടക്കത്തിൽ അഞ്ച് പ്രതികളുണ്ടായിരുന്നുവെങ്കിൽ സി.ബി.ഐ കുറ്റപത്രം വരുമ്പോൾ അത് രണ്ടായി ചുരുങ്ങി. വൈസ് പ്രിൻസിപ്പാള്‍ എൻ ശക്തിവേൽ ഇൻവിജിലേറ്റർ സി.പി പ്രവീൺ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്.

കോപ്പിയടി ആരോപണമാണ് ജിഷ്ണുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും കോപ്പിയടിച്ചെന്ന് നിർബന്ധപൂർവ്വം എഴുതി വാങ്ങിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകവും സംഭവത്തിൽ നെഹ്‌റു കോളേജ് ചെയർമാൻ പി കൃഷ്ണദാസിനുള്ള പങ്കും തെളിയിക്കാൻ സാധിച്ചില്ലെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തി.

2017 ജനുവരി ആറിനു വൈകുന്നേരമാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ ജിഷ്ണുവിനെ കണ്ടെത്തുന്നത്. വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോളജിലെ ഇടിമുറിയും രക്തക്കറയും ദുരൂഹതകളുണ്ടാക്കുന്നതായിരുന്നു. സി.ബി.ഐ കുറ്റപത്രത്തിനെതിരെ എസ്.എഫ്.ഐയും കെ.എസ്.യുവും രംഗത്തെത്തി.