LiveTV

Live

Kerala

ജേക്കബ് തോമസിന് വീണ്ടും നിയമനം 

സ്റ്റീല്‍ ആന്‍റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയാക്കാനാണ് ശിപാര്‍ശ.

ജേക്കബ് തോമസിന് വീണ്ടും നിയമനം 

സസ്പെന്‍ഷനിലായിരുന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീല്‍ ആന്‍റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയാക്കാനാണ് ശിപാര്‍ശ. സർക്കാറിനെ വിമർശിച്ചതിന്റെ പേരിൽ രണ്ട് വർഷത്തോളമായി ജേക്കബ് തോമസ് സസ്പെൻഷനിലായിരുന്നു.

ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ തീരുമാനിച്ചത്. ഉച്ചയോടെ നിയമന ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. പോലീസിലെ കേഡർ തസ്തികയിൽ നിയമിക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം തളളിയ സർക്കാർ സ്റ്റീൽ ആന്റ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയെന്ന അപ്രധാന തസ്തികയിലാണ് പുതിയ നിയമനം നൽകിയത്. ജേക്കബ് തോമസിനെ അടിയന്തിരമായി സർവീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കഴിഞ്ഞ ജൂലായിൽ ഉത്തരവിട്ടിരുന്നു.

എന്നാൽ സർക്കാർ തീരുമാനമെടുക്കാത്തതിനെ തുടർന്ന് അദ്ദേഹം വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ഇതിൽ ട്രൈബ്യൂണൽ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് സർക്കാർ നിയമന ഉത്തരവ് നൽകിയത്. ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശത്തിന്റെ പേരിൽ 2007 ഡിസംബറിലായിരുന്നു ജേക്കബ് തോമസിനെ സർക്കാർ ആദ്യം സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് പുസ്തകമെഴുതിയതിന്റെ പേരിലും അഴിമതി കണ്ടെത്തിയതിന്റെ പേരിലും സസ്പെൻഷൻ കാലാവധി പലഘട്ടങ്ങളിലായി ദീർഘിപ്പിക്കുകയായിരുന്നു.

അതേസമയം കേഡർ തസ്തികയിൽ നിയമിക്കാത്തതിനെതിരെ ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചേക്കുമെന്നാണ് സൂചന. എന്നാൽ വിജിലൻസ് അന്വേഷണം നേരിടുന്നതിനാൽ അദ്ദേഹത്തെ സുപ്രധാന തസ്തികകളിൽ നിയമിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.