LiveTV

Live

Kerala

വയനാട് സമരം തുടരുന്നു; നിരാഹാരമിരിക്കുന്ന രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

ദേശീയപാത 766ലെ യാത്രാപ്രശ്നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് നടക്കുന്ന യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്

വയനാട് സമരം തുടരുന്നു; നിരാഹാരമിരിക്കുന്ന രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

ദേശീയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരെ വയനാട് സുൽത്താൻ ബത്തേരിയിൽ നിരാഹാര സമരം നടത്തുന്ന യുവജന സംഘടനാ നേതാക്കളിൽ രണ്ടുപേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടർന്ന് രാജേഷ് കുമാറിനെയും സിനീഷ് വാകേരിയെയും ആണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

ദേശീയപാത 766ലെ യാത്രാപ്രശ്നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് നടക്കുന്ന യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനകം സമരസമിതിയിലെ മൂന്ന് നേതാക്കളെയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ അഡ്വ. ആർ രാജേഷ് കുമാറിനെയാണ് ഇന്ന് ആദ്യം അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. പകരം നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സെക്രട്ടറിയുമായ റിനു ജോൺ നിരാഹാരാമാരംഭിച്ചു.

യുവമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് സിനീഷ് വാകേരിയെയാണ് പിന്നീട് അറസ്റ്റ് ചെയ്തത്. പകരം യുവമോർച്ച ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ നിരാഹാര സമരം ആരംഭിച്ചു. ശനിയാഴ്ച നിരാഹാര സമരത്തെ തുടർന്ന് അവശതയിലായ ഫ്രീഡം റ്റു മൂവ് കോ-ഓർഡിനേറ്റർ സഫീർ പഴേരിയെ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റുകയും പകരം വ്യാപാരി യൂത്ത് വിംഗ് ബത്തേരി യൂണിറ്റ് പ്രസിഡണ്ട് ഷംസാദ് നിരാഹാരമാരംഭിക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകളാണ് സമരപ്പന്തലിലെത്തി ഐക്യദാർഢ്യ മറിയിക്കുന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടും.