LiveTV

Live

Kerala

ത്രികോണ മത്സരത്തിന് കളമൊരുങ്ങി വട്ടിയൂര്‍ക്കാവ്; പ്രചാരണ രംഗത്ത് സജീവമായി മുന്നണികള്‍

വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഉപതെരഞ്ഞെടുപ്പില്‍ പരീക്ഷിക്കുന്നത്.

ത്രികോണ മത്സരത്തിന് കളമൊരുങ്ങി വട്ടിയൂര്‍ക്കാവ്; പ്രചാരണ രംഗത്ത് സജീവമായി മുന്നണികള്‍

മൂന്ന് സ്ഥാനാര്‍ത്ഥികളെയും തീരുമാനമായതോടെ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ മത്സരം തീ പാറുമെന്ന് ഉറപ്പായി. മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. ഇടത് മുന്നണിയുടെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും.

വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഉപതെരഞ്ഞെടുപ്പില്‍ പരീക്ഷിക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിനും ബിജെപിക്കും കനത്ത പോരാട്ടം വേണ്ടി വരും. ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ഇടതുമുന്നണി പ്രചാരണ രംഗത്തും ഒരു പടി മുന്നിലാണ്. ഓരോ മേഖലയിലും എത്തി നേരിട്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് വി.കെ പ്രശാന്ത്. ഇന്ന് വൈകുന്നേരം പേരൂര്‍ക്കടയില്‍ എല്‍.ഡി.എഫ് മണ്ഡ‍ലം കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ടുണ്ട്.

യു.ഡി.എഫിന്‍റെ പ്രചാരണത്തിന് മണ്ഡല കണ്‍വെന്‍ഷനോടെ ഇന്നലെ തുടക്കമായി. പ്രചാരണ രംഗത്ത് കെ മുരളീധരന്‍റെ സാന്നിധ്യം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ എന്‍.ഡി.എ വീട് കയറി പ്രചാരണം ആരംഭിച്ചിരുന്നു. ഇന്നലെ സംസ്ഥാന നേതാക്കള്‍ മേഖല തിരിച്ച് കടകളിലും വീടുകളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. സ്റ്റാര്‍ മണ്ഡലമെന്ന നിലയില്‍ പ്രചാരണ രംഗത്ത് വ്യത്യസ്തത കൊണ്ടുവരാനാകും മുന്നണികളുടെ ശ്രമം.