LiveTV

Live

Kerala

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരിച്ചു

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ചേര്‍ന്ന കലോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവ സംഘാടക സമിതിയെ തെര‍ഞ്ഞെടുത്തത്

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരിച്ചു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാസര്‍കോട് കാഞ്ഞങ്ങാട്ട് വെച്ചാണ് ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ചേര്‍ന്ന കലോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവ സംഘാടക സമിതിയെ തെര‍ഞ്ഞെടുത്തത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചെയര്‍മാനായി 21 സബ്ബ് കമ്മിറ്റികളാണ് രൂപീകരിച്ചത്.

മൊത്തം മുപ്പത് വേദികളിലായി നടക്കുന്ന കലാ മാമാങ്കത്തിന് പ്രധാന വേദി കാഞ്ഞങ്ങാട് ഐങ്ങോത്ത് മൈതാനമാണ്. ഇത്തവണത്തെ കലോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും ഭിന്നശേഷി സൌഹൃദവുമായാണ് നടത്തുക. കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന എക്സിബിഷനും സെമിനാറും കലോത്സവത്തോടനുബന്ധമായി നടത്തും. മൊത്തം 289 ഇനങ്ങളിലായി പതിനാലായിരത്തോളം കലാപ്രതിഭകളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരക്കുക. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജില്ലയിലേക്കെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ ജില്ലയും ഒരുങ്ങിക്കഴിഞ്ഞു.