LiveTV

Live

Kerala

കേസുകള്‍ അവസാനിപ്പിക്കണം; ഡല്‍ഹിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു 

ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള ഭരണഘടന സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. മതം മാറിയ കാര്യം രക്ഷിതാക്കളെയും സഹോദരനെയും നേരിട്ട് അറിയിച്ചിട്ടുണ്ട്.

കേസുകള്‍ അവസാനിപ്പിക്കണം; ഡല്‍ഹിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു 

തന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അബൂദാബിയിലെത്തിയതും ഇസ്‌ലാം സ്വീകരിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന പെണ്‍കുട്ടി തനിക്ക് എതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

ഈ മാസം പതിനെട്ടിനാണ് താന്‍ അബൂദാബിയിലെത്തിയത്. അബൂദാബി കോടതിയില്‍ വെച്ച് ഇസ്‌ലാം സ്വീകരിച്ചു. രണ്ടും സ്വന്തം ഇഷ്ടപ്രകാരം, തന്നെ ആരും തട്ടികൊണ്ടു പോയതല്ലെന്നും തീവ്രവാദ ബന്ധമില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അതുകൊണ്ട് തന്നെ തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ നടപടി സ്വീകരിക്കണം. കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ ഡല്‍ഹി പൊലീസിന് നല്‍കിയ പരാതിയിലടക്കം അന്വേഷണം അവസാനിപ്പിക്കണം.

ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് കൂടി വ്യക്തമാക്കി പെണ്‍കുട്ടി അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കത്തിന്റെ പകര്‍പ്പ്
കത്തിന്റെ പകര്‍പ്പ്

പ്രധാനമന്ത്രി, രാഷ്ട്രപതി, ആഭ്യന്തരമന്ത്രി, ഡല്‍ഹി-കേരള മുഖ്യമന്ത്രിമാർ, ന്യൂനപക്ഷ കമീഷൻ, സി.ബി.ഐ എന്നിവർക്കാണ് കത്ത് അയച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ‘ലൗ ജിഹാദ്’ ആരോപണം നിഷേധിച്ച് പെണ്‍കുട്ടി നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചിരുന്നു.

Also read: ലൗ ജിഹാദ് ആരോപണം; വാർത്ത നിഷേധിച്ച് പെൺകുട്ടി