ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിൽ എല്‍.ഡി.എഫും യു.ഡി.എഫും പ്രചരണ പരിപാടികൾ ആരംഭിച്ചു
മത്സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് വ്യക്തമാക്കിയിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

നേരത്തെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ എൽ.ഡി.എഫ് അരൂർ മണ്ഡലത്തിൽ ഒരു ചുവട് മുന്നിലാണ്. വെളളിയാഴ്ച്ച നാമനിർദേശ പത്രിക സമർപ്പിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു.സി.പുളിക്കൽ മണ്ഡലത്തിലെ ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു തുടങ്ങി. തിങ്കളാഴ്ച്ച തുറവൂരിൽ നടക്കുന്ന എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗ്രൂപ്പ് തർക്കങ്ങൾക്കൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് ഔദ്യോഗികമായി യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. പ്രഖ്യാപനം വന്നയുടൻ അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ മണ്ഡലത്തിലെത്തി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആരംഭിച്ചു. ഷാനിമോൾ ഉസ്മാൻ തിങ്കളാഴ്ച്ച നിർദേശ പത്രിക സമർപ്പിക്കും.
നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച്ചയാണെന്നിരിക്കെ അരൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ എൻ.ഡി.എക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. അരൂരിൽ ബി.ഡി.ജെ.എസ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ സമ്മർദത്തിലായ ബി.ജെ.പി അരൂരിൽ ബി.ജെപി സ്ഥാനാര്‍ഥിയെത്തന്നെ നിർത്താനുള്ള നീക്കത്തിലാണ്.