LiveTV

Live

Kerala

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിയാമ്പതിയിലെ നിബിഡ വനത്തിലൂടെ റോഡ് നിര്‍മിക്കാന്‍ നീക്കം

ജനവാസമില്ലാത്ത മേഖലയിലെ വഴിയാണ് 14 കോടി മുടക്കി റോഡാക്കി മാറ്റുന്നത്. വാഹനയാത്രക്ക് പറ്റുന്ന നിലവിലെ മണ്‍റോഡിന് പ്രളയത്തിലും കേടുപാട് സംഭവിച്ചിരുന്നില്ല

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിയാമ്പതിയിലെ നിബിഡ വനത്തിലൂടെ റോഡ് നിര്‍മിക്കാന്‍ നീക്കം

പ്രളയ പുനരധിവാസത്തിനായുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിയാമ്പതിയിലെ നിബിഡ വനത്തിലൂടെ റോഡ് നിര്‍മിക്കാന്‍ നീക്കം. ജനവാസമില്ലാത്ത മേഖലയിലെ വഴിയാണ് 14 കോടി മുടക്കി റോഡാക്കി മാറ്റുന്നത്. വാഹനയാത്രക്ക് പറ്റുന്ന നിലവിലെ മണ്‍റോഡിന് പ്രളയത്തിലും കേടുപാട് സംഭവിച്ചിരുന്നില്ല. സ്വകാര്യ റിസോര്‍ട്ടിനെ സഹായിക്കാനാണ് കാട്ടിലൂടെ റോഡ് നിര്‍മിക്കുന്നത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പുലയംപാറ മുതല്‍ ആനമട എസ്റ്റേറ്റ് വരെ 14 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കനാണ് പദ്ധതി. നിര്‍മാണച്ചെലവ് ഒരു കിലോ മീറ്ററിന് ഒരു കോടി രൂപ. ജനവാസമില്ലാത്ത കൊടുംകാട്ടിനുള്ളിലൂടെയാണ് റോഡ് നിര്‍മിക്കുന്നത്. റോഡ് കടന്നുപോകുന്ന വഴിയില്‍ ആകെയുള്ളത് മൂന്ന് കുടുംബങ്ങള്‍ മാത്രം. അവരാകട്ടെ മീനമ്പാറ എസ്റ്റേറ്റ് പൂട്ടിയതോടെ മറ്റൊരു സ്ഥലത്തേക്ക് പോകാനാരിക്കുന്നവരാണ്.

നിലവിലെ വഴി അവസാനിക്കുന്നിടത്തു നിന്ന് 10 കിലോമീറ്റര്‍ കൂടി പോയാല്‍ മുപ്പതിലേറെ കുടുംബങ്ങളുള്ള ആദിവാസി കോളനിയുണ്ട്. എന്നാല്‍ അവിടം വരെ റോഡ് നിര്‍മിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ല. കോടികള്‍ മുടക്കി നിര്‍മിക്കുന്ന റോഡ് അവസാനിക്കുന്നത് സ്വകാര്യ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്ന ആനമട എസ്റ്റേറ്റിലും. ടൂറിസം പ്രോത്സാഹനമാണ് റോഡിന്റെ ലക്ഷ്യമെന്ന് എം.എല്‍.എയും തുറന്നുപറയുന്നു.

നിലവിലെ റോഡ് ടാര്‍ ചെയ്തിട്ടില്ലെങ്കിലും പ്രളയം ബാധിക്കാത്ത നെല്ലിയാമ്പതിയിലെ അപൂര്‍വം റോഡുകളിലൊന്നാണ് ഇത്. റീബിള്‍ഡ് കേരളയുടെ മറവില്‍ റോഡ് നിര്‍മിക്കുന്നതിലൂടെ സ്വകാര്യ റിസോര്‍ട്ടിന് മാത്രമാണ് നേട്ടമുണ്ടാകുക എന്നാണ് വ്യക്തമാകുന്നത്.