LiveTV

Live

Kerala

പൊലീസ് ആസ്ഥാനത്തെ ഇമെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിച്ചു; പ്രതികളെ വെറുതെവിട്ടു

പൊലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് പിൻവലിക്കുന്നതെന്ന് കോടതി വ്യക്തമാക്കി

പൊലീസ് ആസ്ഥാനത്തെ ഇമെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിച്ചു; പ്രതികളെ വെറുതെവിട്ടു

പൊലിസ് ആസ്ഥാനത്തുനിന്ന് ഇ-മെയില് ചോർത്തിയെന്ന കേസ് പിൻവലിക്കാൻ സര്‍ക്കാര്‍ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന് കേസിലെ പ്രതികളെ വെറുതെ വിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പോലീസ് ആരോപിക്കുന്ന 153 ബി (മത വിദ്വേഷം പ്രചരിപ്പിക്കൽ)120 എ(ഗൂഢാലോചന )143,147 (ഗവ. രേഖ ചോർത്തൽ)10,13 യു.എ.പി.എ ,ഒഫിഷ്യൽ സീക്രട്ട് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ല എന്ന് കണ്ടെത്തിയതിനാലാണ് കേസ് പിൻവലിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

കേരള പോലീസ് ഹൈടെക് സെൽ എസ്.ഐ ആയിരുന്ന ബിജു സലീം, അഡ്വ.എസ് ഷാനവാസ് ,ഡോ. പി. എ. ദസ്തക്കിർ, ലേഖകൻ വിജു വി. നായർ മാധ്യമം എഡിറ്റർ ഒ.അബ്ദുൽ റഹ് മാൻ ,വാരിക എഡിറ്റർ പി.കെ പാറക്കടവ്, ഇന്ത്യാവിഷൻ ന്യൂസ് എഡിറ്റർ ബഷീർ എന്നിവരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ബിജുസലീം,അഡ്വ.ഷാനവാസ്,ഡോ.ദസ്തകീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബിജുവിനെ ഉമ്മൻചാണ്ടി സർക്കാർ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും ഡോ.ദസ്തകീറിനെ ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം 268 പൗരന്മാരുടെ ഇമെയിൽ ഐ.ഡി ചോർത്തിയെന്നാരോപിച്ച് 2012 ജനുവരി 23 ലക്കം മാധ്യമം ആഴ്ചപ്പതിപ്പ് റിപ്പോർട്ടിനെ തുടർന്ന് കെട്ടിച്ചമച്ച കേസാണ് ഇ-മെയിൽ കേസ് . മാധ്യമം ലേഖകൻ വിജു വി. നായരായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്.

പാർലമെന്റംഗം, മുസ്ലിം രാഷ്ട്രീയ പാർട്ടി നേതാക്കൾ, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, എഴുത്തുകാർ, സാധാരണക്കാർ തുടങ്ങിയവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. 268 പേരിൽ 257 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ് എന്നത് ഉയർത്തിക്കാട്ടിയാണ് മാധ്യമത്തിലെ ലേഖനം ഇത് വിവാദമാക്കിയത്. ലിസ്റ്റിലുള്ള വ്യക്തികൾക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും മാധ്യമം പുറത്ത് വിട്ട ഉന്നത പോലീസ് ഓഫീസറുടെ കത്തിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ മാധ്യമം പ്രസിദ്ധീകരിച്ചത് യഥാർത്ഥ കത്തല്ല, വ്യാജ കത്താണെന്ന് ആരോപിച്ചാണ് കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.